മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി ജീവപര്യന്തം ശിക്ഷിച്ചു

Jaihind Webdesk
Thursday, June 20, 2019

1990 ലെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. ജാം നഗര്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. കേസില്‍ മറ്റൊരു പൊലീസ് ഓഫീസറായ പ്രവീണ്‍ സിംഗ് ജാലായ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. കേസില്‍ 11 പുതിയ സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട്് കഴിഞ്ഞയാഴ്ച സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി. കേസിലെ സത്യസന്ധമായ തീര്‍പ്പിന് ഈ സാക്ഷികളെ കൂടി കേള്‍ക്കേണ്ടത് ആവശ്യമാണെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം.

സഞ്ജീവ് ഭട്ട് ജാം നഗര്‍ എഎസ്പിയായിരുന്നപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സഞ്ജീവ് അടക്കം ആറുപൊലീസുകാരെയാണ് പ്രതിചേര്‍ത്തിരുന്നത്.