വിദ്യാർത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ എസ്ആർഎം സർവ്വകലാശാലയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി അപമാനിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. ഇതിനിടെ പരാതി മറച്ചുവെയ്ക്കുകയും വസ്ത്രധാരണത്തെ കുറ്റംപറയുകയും ചെയ്ത ഹോസ്റ്റൽ വാർഡനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു.

വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് വനിതാ ഹോസ്റ്റലിലെ ലിഫിറ്റിനകത്ത് വച്ചായിരുന്നു സംഭവം. ആറാം നിലയിലുള്ള ഹോസ്റ്റൽ മുറിയിലേക്ക് പോവുകയായിരുന്നു വിദ്യാർത്ഥിനി. ഇതേ ലിഫ്റ്റിൽ ഉണ്ടായിരുന്ന സർവ്വകലാശാലയിലെ ശുചീകരണ ജീവനക്കാരൻ ചെട്ടിപ്പാളയം സ്വദേശി അർജ്ജുൻ സുബ്രഹ്മണ്യനാണ് സ്വന്തം വസ്ത്രങ്ങൾ അഴിച്ച് മാറ്റിയ ശേഷം വിദ്യാർത്ഥിനിയെ അധിക്ഷേപിക്കാൻ ശ്രമിച്ചത്. ഉടനെ ലിഫിറ്റിൽ നിന്ന് പുറത്തിറങ്ങാൻ വിദ്യാർത്ഥിനി ശ്രമിച്ചെങ്കിലും ഇയാൾ തടഞ്ഞു. ഒടുവിൽ നാലാം നിലയിൽ എത്തിയതോടെ ഉച്ചത്തിൽ കരഞ്ഞ് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾ സംഘടിച്ച് വാർഡന് പരാതി നല്കിയെങ്കിലും ആദ്യം പെൺകുട്ടികളുടെ വസ്ത്ര ധാരണം മാറ്റൂ എന്നായിരുന്നു മറുപടി. കൂടാതെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ വാർഡൻ സമ്മതിച്ചില്ലെന്നും പൊലീസിനെ അറിയിക്കാതെ പ്രശ്നം ഒതുക്കി തീർക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്നും ആരോപിച്ച് വിദ്യാർഥികൾ വൻ പ്രതിഷേധമുയർത്തുകയായിരുന്നു. വിദ്യാർത്ഥികൾ സംഘടിച്ച് രാത്രി മുഴുവൻ സർവ്വകലാശാല കവാടം ഉപരോധിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റൽ വാർഡനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്യുകയും ചെയ്തു. ലൈംഗികമായി അധിക്ഷേപിക്കൽ ,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്

Sexual HarrasmentChennailift
Comments (0)
Add Comment