പോലീസിലെ സംഘ്പരിവാറുകാർക്ക് ഊർജം പകരുന്നത് ആഭ്യന്തര വകുപ്പിന്‍റെ ആർജവമില്ലായ്മ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ‘സിറാജ്’ ദിനപത്രം

 

കോഴിക്കോട്:  ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം ദിനപത്രം ‘സിറാജ്’. പോലീസിൽ സംഘ്പരിവാർ സ്വാധീനം പ്രകടമാണെന്നും ആഭ്യന്തര വകുപ്പിന്‍റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നതെന്നുമാണ് ‘സിറാജ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

സർവീസ് കാലത്ത് സംഘടന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടും ഒരു വിഭാഗം കാവിവത്കരണ പരിപാടികൾ ഊർജിതമായി നടത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം.

കേരള പോലീസിന്‍റെ പല നടപടികളിലും ആർഎസ്എസ് വിധേയത്വം പ്രകടമാണെന്നും ബിജെപി, ആർഎസ്എസ് പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ, എത്ര പരാതികൾ ഉയർന്നാലും കേസ് ചാർജ് ചെയ്യുന്നത് അപൂർവമാണെന്നും ഇതിൽ ആരോപിക്കുന്നു. നിയമനടപടികൾ സ്വീകരിച്ചാൽ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകൾ അട്ടിമറിക്കുകയും ചെയ്യും. എത്ര വലിയ കുറ്റവാളികള്‍ ആണെങ്കിലും പോലീസ് ഇവര്‍ക്കെതിരെ നടപടി എടുക്കാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, സംഘ്പരിവാർ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയപ്രവർത്തകർക്കും ന്യൂനപക്ഷ സംഘടനാ പ്രവർത്തകർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും, നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ ലഭിച്ച പരാതികളിൽ ഒന്നിൽ പോലും നിയമനടപടി സ്വീകരിക്കാത്തതും ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

നിയമനടപടികളിൽ മാത്രമല്ല അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആർഎസ്എസ് സെൽ, സംഘ്പരിവാർ കേന്ദ്രങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന് ഇന്‍റലിജൻസ് കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതടിസ്ഥാനത്തിൽ സംഘ്പരിവാർ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നൽകാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി.

ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകൾ എത്തുന്ന വിവരം മറ്റുള്ളവർക്ക് മുമ്പേ ആർഎസ്എസുകാർക്കു ലഭിച്ചത് പോലീസിൽ നിന്നായിരുന്നു. എന്നിട്ടും ഉത്തരവാദപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്‍റെ ആർജവമില്ലായ്മയാണ് പോലീസിലെ സംഘ്പരിവാർ അനുകൂലികൾക്ക് ഊർജം പകരുന്നതെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്.

Comments (0)
Add Comment