രാജ്യത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

 

ആലപ്പുഴ/കണിച്ചുകുളങ്ങര: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പന്ത്രണ്ടാം ദിവസത്തെ പര്യടനം അവസാനിച്ചു. ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുന്ന യാത്ര വൈകിട്ട് കലവൂരിൽ നിന്നാരംഭിച്ച് കണിച്ചുകുളങ്ങരയിലാണ് അവസാനിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കുവാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് സമാപന സമ്മേളനത്തില്‍ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യം അക്രമത്തിലൂടെ മുന്നോട്ടു പോകുകയാണ്. ബിജെപി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്. അത് അവരുടെ ജനിതകത്തിലുള്ളതാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ വിദ്വേഷത്തിന്‍റെ സമീപനം ഒഴിവാക്കണമെന്നും രാജ്യം ഭയത്തോടെയും ആത്മവിശ്വാസം ഇല്ലാതെയും മുന്നോട്ടുപോയാൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമൊന്നുമാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് പടർന്നുപിടിക്കുന്ന വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഫലം അനുഭവിക്കുന്നത് സാധാരണക്കാരൻ ആണെങ്കിൽ അതിന്‍റെ നേട്ടം കൊയ്യുന്നത് സമൂഹത്തിലെ രണ്ടോ മൂന്നോ സമ്പന്നന്മാരാണ്. ഈ മുതലാളിമാർ എല്ലാത്തിനെയും കുത്തകവത്കരിക്കുകയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം എന്നും ഒത്തൊരുമയോടെ നിലകൊള്ളുന്ന ഒരു സംസ്ഥാനമാണ്. ശ്രീനാരായണഗുരുവും ചട്ടാമ്പിസ്വാമിയും മഹാത്മ അയ്യങ്കാളിയും പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കൾ പകർന്നു നൽകിയ സന്ദേശം ഒരുമയുടേതാണെന്നും അതേ സന്ദേശം തന്നെയാണ് ജോഡോ യാത്രയും മുന്നോട്ടുവെക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കോടിക്കുന്നിൽ സുരേഷ് എംപി, തെലങ്കാന പിസിസി പ്രസിഡന്‍റ്‌ രേവന്ത് റെഡ്ഢി, എഐസിസി സെക്രട്ടറിമാരായ പിസി വിഷ്ണുനാഥ്‌ എംഎൽഎ, വിശ്വനാഥ പെരുമാൾ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment