സംഘപരിവാര്‍ രാജ്യത്തെ വിഭജിക്കുന്നു; ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒറ്റക്കെട്ടാക്കാന്‍: ജയ്റാം രമേശ്

എറണാകുളം: രാജ്യത്തെ വിഭജിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. മോദിയുടെ നയങ്ങളാൽ രാജ്യം ദുർബലപ്പെട്ടെന്നും ഭരണഘടന അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒറ്റക്കെട്ടായി തിരിച്ച് കൊണ്ടുവരാനാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്റാം രമേശ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പദയാത്രയാണിത്. യാത്രയുടെ ഭാഗമായി ജനങ്ങളുമായി സംവദിച്ചാണ് രാഹുൽ ഗാന്ധി മുന്നോട്ട് പോകുന്നത്. രാജ്യത്ത് ഐക്യം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന ഈ യാത്ര കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തും. ഒക്ടോബർ 31 മുതൽ ഒറീസയിലും നവംബർ ഒന്ന് മുതൽ ആസാമിലും 28 ഡിസംബർ മുതൽ പശ്ചിമ ബംഗാളിലും പിസിസിയുടെ നേതൃത്വത്തിൽ യാത്ര നടത്തും. സാധ്യമായാൽ അടുത്ത വർഷം ഗുജറാത്ത് മുതൽ അരുണാചൽ വരെ ജോഡോ യാത്ര നടത്തുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണ ബിജെപിയേയും കേരളത്തിലെ സിപിഎമ്മിനെയും ഭയപ്പെടുത്തുന്നുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഗവർണ്ണർ-സർക്കാർ പോര് ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ലഭിച്ചവരും, അന്വേഷണ ഏജൻസികളെ ഭയക്കുന്നവരുമാണ് പാർട്ടി വിടുന്നതെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. പാർട്ടിയിൽ നിന്നും എല്ലാ സ്ഥാനങ്ങളും ലഭിച്ചവർ പുറത്ത് പോയത് പാർട്ടിയെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. കോൺഗ്രസ് വിട്ടവർക്ക് ബദലായി ആളുകൾ പാർട്ടിയിലേക്ക് വരുന്നു. എഐസിസി പ്രസിഡന്‍റ് തെരഞ്ഞടുപ്പിൽ പത്ത് എഐസിസി അംഗങ്ങളുടെ പിന്തുണയുള്ള ആർക്കും മത്സരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment