‘ഇതാണ് അവസ്ഥയെങ്കിൽ ദുരന്തം കാത്തിരിക്കുന്നു; കേരളം കൊവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെയല്ല’: വിമർശനവുമായി സനൽ കുമാർ ശശിധരന്‍റെ അനുഭവക്കുറിപ്പ്

‘കേരളം കൊവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെയല്ല’, സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇടത് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ സനൽ കുമാർ ശശിധരൻ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്.

കൊറോണ എന്ന മഹാമാരിയെ കേരളം നേരിട്ടത് ലോകോത്തര ശ്രദ്ധ നേടിയെന്നാണ് പ്രചരണം. എന്നാൽ യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല എന്ന വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കടുത്ത പനിയും ശരീര വേദനയും ഉണ്ടായപ്പോള്‍ ദിശയിലേയ്ക്ക് വിളിച്ചത് മുതല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കൊവിഡ് ഒപിയിൽ പോയപ്പോൾ ഉണ്ടായ മോശം അനുഭവം വരെയുള്ള സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നുവെന്ന് പേടിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പേര് കൊടുത്തിട്ട് അദ്ദേഹത്തിന് ജനറൽ ഹോസ്പിറ്റലിലെ കൊവിഡ് ഒപിയിൽ കാത്തിരിക്കേണ്ടി വന്നത് മൂന്ന് മണിക്കൂറോളമാണ്. വൈകിട്ട് 7 മണിക്ക് പോയ അദ്ദേഹം 10 മണിവരെ കാത്തിരുന്നു മടുത്ത് കൗണ്ടറിൽ അന്വേഷിക്കുമ്പോൾ 2 മണിക്ക് എത്തിയവർ പോലും ക്യൂവിലാണെന്ന സത്യമാണ് മനസ്സിലാക്കാനായത്. മാത്രമല്ല ഊഴമെത്തിയ പലരും കാത്തുനിന്നു മടങ്ങിക്കഴിഞ്ഞുവെന്നും മനസ്സിലാക്കിയ അദ്ദേഹവും തിരികെ പോവുകയായിരുന്നു. ഒരു പക്ഷേ സാധാരണ വൈറൽ ഫിവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളുമെന്നും അദ്ദേഹം പറയുന്നു.

സനല്‍കുമാർ ശശിധരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

അഞ്ചു ദിവസമായി കടുത്ത പനിയും ശരീര വേദനയും. ആദ്യം രണ്ടുദിവസം നോക്കിയിട്ട് ദിശയിൽ അറിയിക്കാമെന്ന് കരുതി. ചുക്കുകാപ്പിയും മറ്റു നാട്ടുമരുന്നുകളും കഴിച്ഛപ്പോൾ ആദ്യ രണ്ടുദിവസം കൊണ്ട് പനി പൂർണമായും മാറി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് വീണ്ടും വന്നു. ഇത്തവണ കടുത്ത ശരീരവേദനയും ക്ഷീണവും ചെറിയ തലവേദനയും.

എന്തായാലും ദിശയിൽ വിളിച്ചറിയിക്കാമെന്ന് കരുതി വിളിച്ചു. ട്രാവൽ ഹിസ്റ്ററിയുണ്ടോ എന്ന് അവർ ചോദിച്ചു. എനിക്ക് ഇടയ്ക്കൊരു ദിവസം ഓട്ടോറിക്ഷയിൽ യാത്രചെയ്യേണ്ടിവന്നിരുന്നു. അതിന്റെ പേരിൽ ആരെങ്കിലും വിളിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാൽ കുഴപ്പമില്ല. ഇസഞ്ജീവനിയിൽ കയറി ഡോക്ടറെ കാണാൻ പറഞ്ഞു. ഡോക്ടർ വൈറൽ ഫിവറിനുള്ള മരുന്നു തന്നു. ദിശയിൽ വീണ്ടും വിളിച്ച് കോവിഡ് ടെസ്റ്റ് ചെയ്യാൻ ഡോക്ടർ പറഞ്ഞതായിൽ പറയാനും പറഞ്ഞു. വീണ്ടും ദിശയിൽ വിളിച്ചു. വീണ്ടും പഴയ ചോദ്യങ്ങൾ ട്രാവൽ ഹിസ്റ്ററി ഇല്ലെങ്കിൽ കൊവിഡ് അല്ല എന്ന് പറഞ്ഞു. എന്തായാലും അടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഫിവർ ക്ലിനിക്കിൽ പോകാൻ പറഞ്ഞു.

ഞാൻ നേരെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ കോവിഡ് ഒപിയിൽ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത് മുപ്പത്തഞ്ചോളം ആളുകൾ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാൻ തന്നെ അരമുക്കാൽ മണിക്കൂർ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വെച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാൻ മുട്ടുമ്പോൾ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് 7 മണിക്ക് പോയ ഞാൻ 10 മണിവരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോൾ അവർ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്.

പത്തേകാൽ ആയപ്പോൾ ഞാൻ എന്‍റെ ഊഴം എപ്പൊഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്‍റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടർ നിസഹായതയോടെ പറഞ്ഞു. “7 മണീക്ക് വന്നിട്ടാണോ ചേട്ടാ?“ അപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറഞ്ഞു “ഞാൻ രണ്ടു മണിക്ക് വന്നതാണ്“. പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരു പക്ഷേ സാധാരണ വൈറൽ ഫിവർ വല്ലതും ആണെങ്കിൽ തന്നെ എട്ടും പത്തും മണിക്കൂർ ഇത്രയധികം പനിയുള്ള ആളുകൾക്കിടയിൽ ഇരുന്നാൽ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവർക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേ ഉള്ളു. പക്ഷേ എന്തുകൊണ്ട് ഒരു ഓൺലൈൻ രെജിസ്ട്രെഷൻ സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരുപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം.

ഇന്ന് ചെറുതായി പനി കുറവുണ്ട്. പക്ഷേ തൊണ്ടവേദനയുണ്ട്. പ്രൈവറ്റ് ടെസ്റ്റിംഗ് സെന്ററുകൾ ഏതൊക്കെ എന്നന്വേഷിച്ചു. ഡിഡിആർസിയിൽ വിളിച്ചു. ഇന്ന് ഞായറാഴ്ച ആയതിനാൽ അവർ മുടക്കമാണ്. നാളെ ചെല്ലാൻ പറഞ്ഞു.

Comments (0)
Add Comment