ബാറ്ററികളുടെ രാജാവിനെ അവതരിപ്പിച്ച് സാംസംഗ്; മിന്നല്‍ ചാർജിംഗ്, 966 കി.മീ. റേഞ്ച്, 20 വര്‍ഷം ആയുസ്!

 

ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ ദൗർബല്യത്തിന് വമ്പന്‍ പരിഹാരവുമായി സാംസംഗ്. മിന്നല്‍ വേഗത്തിലുള്ള ചാർജിംഗ്, അത്ഭുതപ്പെടുത്തുന്ന റേഞ്ച്, ആർക്കും അവകാശപ്പെടാനാകാത്ത ആയുസ്. ഇത്തരമൊരു സ്വപ്ന ബാറ്ററിയാണ് സാംസംഗിന്‍റെ കണ്ടുപിടിത്തം. ദക്ഷിണകൊറിയയിലെ സോളില്‍ നടക്കുന്ന എസ്എന്‍ഇ ബാറ്ററി ഡേ 2024 എക്‌സ്‌പോയിലാണ് ഈ അത്ഭുത ബാറ്ററി സാംസംഗ് അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ പവർ സോഴ്സ് അതിന്‍റെ ബാറ്ററിയാണ്. എന്നാല്‍ നിലവില്‍ ഇറങ്ങിയിരിക്കുന്ന മോഡലുകള്‍ക്കൊന്നും  തന്നെ മികച്ച കാര്യക്ഷമതയുള്ള ബാറ്ററി ബാക്കപ്പ് അവകാശപ്പെടാനില്ല. ഇവിടെയാണ് സാംസംഗിന്‍റെ പുതിയ സോളിഡ് സ്‌റ്റേറ്റ് ബാറ്ററി പ്രസക്തമാകുന്നത്.

ഒറ്റനോട്ടത്തില്‍ സാംസംഗ് ബാറ്ററിയുടെ പ്രത്യേകതകള്‍ ഇവയാണ്:  9 മിനിറ്റില്‍ ഫുള്‍ ചാർജ്, ഒറ്റ ചാർജിംഗില്‍ 966 കിലോമീറ്റര്‍ റേഞ്ച്, ആയുസാകട്ടെ 20 വര്‍ഷം ! 2027 മുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി ഇതിനോടകം തന്നെ ഈ ബാറ്ററി വിവിധ ഇലക്ട്രോണിക് വാഹന നിര്‍മ്മാതാക്കള്‍ക്ക് സാംസംഗ് നല്‍കിയിട്ടുണ്ട്. ബാറ്ററിയുടെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് സാംസംഗ് എസ്ഡിഐ അറിയിക്കുന്നു. 2023 മുതല്‍ തന്നെ സാംസംഗ് ബാറ്ററിയുടെ പരീക്ഷണം ആരംഭിച്ചിരുന്നു.

നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയേക്കാളും ഭാരവും വലിപ്പവും കുറഞ്ഞതാണ് ബാറ്ററി. ഉയര്‍ന്ന സുരക്ഷയും ഇതിന് ഉണ്ടായിരിക്കുമെന്നും സാംസംഗ് അവകാശപ്പെടുന്നു. പ്രീമിയം വാഹനങ്ങള്‍ക്കായിട്ടായിരിക്കും സാംസംഗ് പുതിയ ഉത്പാദിപ്പിക്കുക. ബാറ്ററിയുടെ എനര്‍ജി ഡെന്‍സിറ്റി 500Wh/kg ആണ്. ശരാശരി സോളിഡ് സ്‌റ്റേറ്റ് ബാറ്ററികളുടെ നിലവിലെ എനര്‍ജി ഡെന്‍സിറ്റി 270Wh/kg ആണ്. വിപണിയില്‍ നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാന്‍ 30 മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ വരെയാണ് വേണ്ടിവരുന്ന സമയം. ഇവിടെയാണ് സാംസംഗിന്‍റെ മാജിക്.  9 മിനിറ്റില്‍ പൂർണ്ണ ചാർജിംഗ് എന്ന് സാംസംഗ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ പ്രായോഗികത അറിയേണ്ടതുണ്ട്. സാംസംഗിന്‍റെ അവകാശവാദങ്ങള്‍ ശരിയായാല്‍ ഇലക്ട്രിക് വാഹന ഉടമകളുടെ ഒരു വലിയ തലവേദനയ്ക്ക് ആകും പരിഹാരമാകുക. മാത്രമല്ല ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ ഉണർവുണ്ടാക്കാനും സാസംഗിന്‍റെ മാന്ത്രിക ബാറ്ററിക്ക് കഴിയും.

Comments (0)
Add Comment