എം. ശിവശങ്കറിനും സ്വർണക്കടത്തിലെ പ്രതി സരിത്തിനും നിയമോപദേശം നൽകുന്നത് ഒരേ അഭിഭാഷകൻ

Jaihind News Bureau
Monday, July 27, 2020

സ്വർണക്കടത്തുകേസിൽ തെളിവുകൾ സഹിതം എൻഐഎ അറസ്റ്റുചെയ്ത ദേശദ്രോഹ കേസിലെ പ്രതി സരിത്തിനും, മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും നിയമോപദേശം നൽകുന്നത് ഒരേ അഭിഭാഷകൻ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഇദ്ദേഹം കൊച്ചിയിലെ ആദ്യദിന ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ എം ശിവശങ്കറെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുമ്പിലെത്തുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും, സ്വർണ്ണക്കളക്കടത്ത് കേസിലെ പ്രതി സരിത്തിനും നിയമോപദേശം നൽകുന്നത് ഒരേ അഭിഭാഷകൻ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഇദ്ദേഹം. സരിത്തിന്‍റെ അഭിഭാഷകനും ഇദ്ദേഹമാണെന്നാണ് റിപ്പോർട്ടെങ്കിലും താൻ തൽക്കാലം ആരുടേയും വക്കാലത്ത് എടുത്തിട്ടില്ലെന്നും, നിയമോപദേശം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ അഭിഷകൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

സരിത്തിന് നൽകിയ അതേ നിയമോപദേശം തന്നെയാണ് താൻ എം ശിവശങ്കറിനും നൽകിയിട്ടുള്ളത്. എന്നാൽ രാജ്യദ്രോഹ ബന്ധം ആരോപിക്കുന്ന കേസിൽ തെളിവുകളോടെ പ്രതി ചേർത്ത വ്യക്തിയുടെയും, മുതിർന്ന ഐഎസ് ഉദ്യോഗസ്ഥൻ കൂടിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നിയമോപദേശം ഒരേ അഭിഭാഷകനിൽ നിന്നായതും കേസിലെ ആരോപണ വിധേയരുടെ ബന്ധങ്ങൾ ഒരേ കേന്ദ്രങ്ങളിൽ നിന്നാണെന്ന് തെളിയിക്കുന്നു.

നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതികൾക്ക് നിയമ സഹായം ലഭ്യമാക്കാൻ ഗോൾഡ് മാഫിയയുടെ വൻനിര തന്നെ കൊച്ചിയിൽ തങ്ങുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കോടികൾ മുടക്കി ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരുടെ ഒരു നിരതന്നെ ഈ പ്രതികൾക്കായി രംഗത്തിറങ്ങും എന്നാണ് സൂചന. ഇതും അന്വേഷണ സംഘം വീക്ഷിക്കുന്നുണ്ട്. ശിവശങ്കറിനുള്ള നിയമസഹായത്തിനു പിന്നിലും അതേ കേന്ദ്രങ്ങൾ തന്നെയാണോ എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന സംശയം.

https://www.youtube.com/watch?v=SBPzA8Wemqo