കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി പദവി ലഭിച്ചുവെന്ന വാദം തെറ്റാണെന്ന് സമസ്ത. വ്യാജമായ വാദമാണ് അവര്‍ ഉന്നയിക്കുന്നതെന്നും മറ്റൊരു വ്യക്തിയാണ് ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം നിര്യാതനായ ഗ്രാന്റ് മുഫ്തി അക്തര്‍ റസാഖാന്റെ പിന്‍ഗാമിയായി നിയമിച്ചത് മകന് മുഫ്തി അസ്ജാദ് റസാഖാനെയാണ്. പിന്നെ എങ്ങനെയാണ് മറ്റൊരാളെ ഗ്രാന്റ് മുഫ്തിയാക്കുക എന്ന് സമസ്ത നേതാക്കള്‍ ചോദിക്കുന്നു. അസ്ജദ് റസാഖാനെ ഗ്രാന്റ് മുഫ്തിയായി നിയമിച്ചതിന്റെ രേഖകളും നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്കി. കാന്തപുരത്തിന്റെത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ നിയമിച്ചുവെന്ന് കഴിഞ്ഞമാസം മുതല്‍ എപി വിഭാഗം സുന്നികള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ നിയമനം നടന്നത് ഏപ്രില്‍ ഒന്നിനാണ്. ഗ്രാന്റ് മുഫ്തി എന്ന പേരില്‍ സ്വീകരണ ചടങ്ങുകളും നടത്തി. ലോകമെമ്പാടും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയായാണ് അബൂബക്കര്‍ മുസ്ല്യാര്‍ പരിചയപ്പെടുത്തുന്നത്. ഇത് വിശ്വാസികള്‍ തിരിച്ചറിയണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.
സുപ്രഭാതം ദിനപത്രത്തില്‍ കോണ്‍ഗ്രസിനെതിരെ വന്ന ലേഖനം സമസ്തയുടെ അറിവോടെ വന്നതല്ല. ഉമര്‍ ഫൈസി മുക്കത്ത ലേഖനം എഴുതാന്‍ സമസ്ത ഏല്‍പ്പിച്ചിട്ടില്ല. രണ്ടാംതിയതി സമസ്ത മുശാവറ യോഗം ചേരുന്നുണ്ട്. വേണ്ടി വന്നാല്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും. എപി വിഭാഗം സുന്നികളുമായി എപ്പോഴും ചര്‍ച്ചയ്ക്ക് ഒരുക്കമാണന്നും നേതാക്കള്‍ പറഞ്ഞു.