യുവതീ പ്രവേശനമുണ്ടായാൽ നടയടച്ചിടുമെന്ന് പറഞ്ഞ തന്ത്രിക്കും പന്തളം രാജകുടുംബത്തിനും മന്ത്രി എം.എം മണിയുടെ രൂക്ഷവിമർശനം. രാജഭരണകാലം പണ്ടേ കഴിഞ്ഞെന്നും ഇപ്പോൾ നട അടച്ചിടുമെന്ന് പറയുന്നവർ ശമ്പളക്കാർ മാത്രമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. നേരത്തെ ക്ഷേത്രത്തിൽ യുവതീപ്രവേശനമുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം രാജകുടുംബം തന്ത്രിയെ അറിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് മന്ത്രി ജി സുധാകരനും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു മന്ത്രി കൂടി നിലപാടിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിട്ടുള്ളത്.
നേരത്തെ ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവർത്തക കവിതയും ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയും സന്നിധാനത്തെ നടപ്പന്തലിൽ ദർശനത്തിനായി എത്തിയപ്പോഴായിരുന്നു പന്തളം കൊട്ടാരത്തിൽ നിന്നും തന്ത്രിക്ക് ഇത്തരമൊരു അറിയിപ്പ് എത്തിയത്. നട അടക്കാൻ അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നൽകിയതെന്നും സംശയമുള്ളവർക്കു പഴയ ഉടമ്പടി പരിശോധിക്കാമെന്നും കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞിരുന്നു. അതേത്തുടർന്ന് തന്ത്രിയും നിലപാട് ശരിവെച്ച് രംഗത്ത് വന്നു. പൊലീസ് സംരക്ഷണയിൽ ശബരിമല നടപ്പന്തലിലെത്തിയ യുവതികൾ ദർശനം നടത്തുമെന്ന അവസ്ഥയുണ്ടായപ്പോഴാണ് ശബരിമലയിലെ പരികർമികൾ അടക്കമുള്ളവർ പതിനെട്ടാംപടിക്ക് താഴെയിരുന്ന് പ്രതിഷേധിച്ചത്.
ഇതോടെ യുവതികൾ ദർശനം നടത്തിയാൽ നടയടയ്ക്കുമെന്ന മുന്നറിയിപ്പ് തന്ത്രി നൽകുകയായിരുന്നു. പിന്നീട് ഐ.ജി ശ്രീജിത്ത് നടത്തിയ ചർച്ചയിൽ യുവതികൾ മടങ്ങാനും തയാറായി. എന്നാൽ തന്ത്രിമാർ സമരരംഗത്തിറങ്ങുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടുമായി ദേവസ്വം ബോർഡംഗം കെ.പി ശങ്കർ ദാസ് രംഗത്ത് വന്നിരുന്നു. പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച പരികർമ്മികളുടെ വിവരവും ബോർഡ് ശേഖരിച്ചിരുന്നു. പ്രതിഷേധിക്കാനല്ല പൂജ ചെയ്യാനാണ് അവരെ ശബരിമലയിൽ നിയോഗിച്ചതെന്നും ശങ്കർ ദാസ് വ്യക്തമാക്കി.