സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുമാറ്റി

സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ അർധരാത്രി പൊലീസ് പൊളിച്ചുമാറ്റി. ജില്ലാ ഭരണകൂടത്തിൻറെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. സമരപ്പന്തലുകൾ പൊളിക്കാനെത്തിയ പോലീസിനെ സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടാണ് നടപടിയെന്ന് വിശദീകരിക്കുന്ന മേയർ വി കെ പ്രശാന്ത് ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സ്ഥലത്ത് എത്തി സമരപ്പന്തലുകൾ പൊളിച്ചത്.

എന്നാൽ പന്തൽ പൊളിക്കുന്നത് ചെറുക്കാൻ സമരക്കാർ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കു തർക്കമായി. സമരപ്പന്തലിൽ നിന്ന് മാറാൻ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പടെയുള്ള സമരപ്പന്തലുകൾ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്. എൻഡോസൾഫാൻ സമരക്കാർ മുതൽ, വർഷങ്ങളായി സമരം നടത്തുന്ന അരിപ്പ ഭൂസമരക്കാർ വരെയുള്ളവരുടെ പ്രതിഷേധവേദിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത. അതേ സമയം സമരപ്പന്തലുകൾ പൊളിച്ച നടപടിക്കെതിരെ വ്യാപക പ്രതിശേധമാണുള്ളത്.

SecretariatSamarapanthal
Comments (0)
Add Comment