കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക്ക്

ആലപ്പുഴ: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് കോട്ടയം ജില്ലയിലെ പര്യടനത്തിന് ശേഷം പതിനൊന്നാമത് ജില്ലയായ ആലപ്പുഴയിലേക്ക് കടക്കും. ഉച്ചയ്ക്ക് ശേഷം 4 മണിക്ക് ആലപ്പുഴയിലെത്തുന്ന യാത്രക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

സമരാഗ്നിയുടെ ഭാഗമായി രാവിലെ പത്ത് മണിക്ക് നേതാക്കൾ കോട്ടയത്ത് മാധ്യമങ്ങളെ കണ്ടു. തുടർന്ന് 11  മണിയോടെ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ കെപിസിസിയുടെ നേതൃത്വത്തിലുള്ള ജനകീയ ചർച്ചാ സദസ് നടന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജില്ലയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളുമായി സംവദിക്കുകയാണ്.

കാർഷിക, മത്സ്യ, ടൂറിസം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളും, തൊഴിലാളികൾ, വ്യാപാരി-വ്യവസായികൾ, തൊഴിൽ രഹിതർ, ആദിവാസി-ദളിത് സമൂഹങ്ങൾ, എൽഡിഎഫ് ഗവൺമെന്‍റിന്‍റെ നയവൈകല്യം കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തികളും സംഘടനകളും അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. വ്യക്തികൾക്കും സംഘടനകൾക്കും നേരിട്ടും നിവേദനങ്ങൾ സമർപ്പിക്കാവുന്നതാണ്. ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. ജി. ഗോപകുമാർ ചെയർമാനായും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് കൺവീനറും ആയ സമിതിയാണ് ചർച്ചാ സദസിന് നേതൃത്വം കൊടുക്കുന്നത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Comments (0)
Add Comment