ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കി; രാഷ്ട്രീയമെന്ന് സലിം കുമാർ

Jaihind News Bureau
Tuesday, February 16, 2021

കൊച്ചി : ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിം കുമാറിനെ ഒഴിവാക്കി. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞാണ് ഒഴിവാക്കല്‍. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സലിം കുമാർ പ്രതികരിച്ചു.

ചടങ്ങിൽ തിരിതെളിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിന്‍റെ പേരില്ല. പ്രായക്കൂടുതലെന്ന കാരണത്തെ സലിം കുമാർ തള്ളി. ഒപ്പം പഠിച്ചവരാണ് അമൽ നീരദും ആഷിഖ് അബുവും. അവരേക്കാൾ രണ്ടോ മൂന്നോ വയസ് മാത്രമാണ് തനിക്ക് കൂടുതൽ. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണ്. യഥാർത്ഥ കാരണം രാഷ്ട്രീയമാണെന്നും  സി.പി.എം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാർ തുറന്നടിച്ചു.