ശമ്പളപരിഷ്കരണത്തില്‍ തഴഞ്ഞു ; സർക്കാരിന്‍റേത് കടുത്ത അനീതിയെന്ന് പൊലീസുകാര്‍ ; വിമർശനം

Jaihind News Bureau
Monday, February 1, 2021

 

തിരുവനന്തപുരം : ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലഘട്ടത്തിൽ സദാപ്രവർത്തന നിരതരായ തങ്ങളെ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അവഗണിച്ചെന്ന ആരോപണവുമായി പൊലീസുകാര്‍. പത്താം ശമ്പള കമ്മീഷൻ നൽകിയ പരിഗണനയും ആനുപാതികമായ വർധനവും പുതിയ കമ്മീഷൻ റിപ്പോർട്ട് നൽകുന്നില്ല. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യപ്രവർത്തകർക്ക്   പ്രത്യേക പരിഗണന നൽകി ശമ്പളം വർധിപ്പിച്ചപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത തങ്ങളെ തീർത്തും അവഗണിക്കുകയാണുണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.

റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർക്കുപോലും ഈ സാഹചര്യത്തെ മുൻനിർത്തി ശമ്പളവും അലവൻസും വർധിപ്പിച്ചപ്പോൾ പൊലീസിനുള്ള റിസ്ക് അലവൻസ് കേവലം 10 രൂപ മാത്രം വർധിപ്പിച്ചു കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയവരും രോഗം ബാധിച്ചു ദുരിതം അനുഭവിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ വേദന കാണാതെ പോയത് വഞ്ചനാപരമായ നിലപാടാണ്. പ്രകൃതിദുരന്തങ്ങൾ, മഹാമാരി തുടങ്ങി പൊലീസ് ഉദ്യോഗസ്ഥർ വളരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കാലയളവിൽ അവരുടെ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പള ഘടന നേടിയെടുക്കുവാനുള്ള പരിശ്രമം പൊലീസ് സംഘടനാ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഖേദകരമാണെന്നും പൊലീസിലെ ഒരു വിഭാഗം പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സാഹചര്യങ്ങളും വെല്ലുവിളികളും വസ്തുതാപരമായും യാഥാർഥ്യബോധത്തോടെയും ശമ്പള കമ്മീഷനു മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പോയ പൊലീസ് സംഘടനാ നേതൃതത്തിന്‍റെ പരാജയമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ദുര്യോഗം. അലവൻസുകൾ വർധിപ്പിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താതെ വലിയ തുകകൾ ആവശ്യപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരിൽ പ്രതീക്ഷകൾ നൽകി വഞ്ചിക്കുന്നതും ശരിയായ നിലപാടല്ല. സംഘടനാ തലത്തിൽ മാത്രമല്ല വകുപ്പ് തലത്തിലും ശമ്പളകമ്മീഷനു മുന്നിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണ് വേണ്ടത്. ഇത്തവണ അത്തരത്തിൽ ഒരു ഏകോപനവും നടന്നില്ല എന്നതാണ് വസ്തുതയെന്നും പൊലീസുകാർ പറയുന്നു.