കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള എംഡിയുടെ ശമ്പളം വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണം: സജീവ് ജോസഫ് എംഎല്‍എ

 

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള എംഡിയുടെ (കിയാല്‍) വാര്‍ഷിക ശമ്പളം 38 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷമായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ, സജീവ് ജോസഫ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സര്‍ക്കാരിന് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും. കിയാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ശമ്പള വര്‍ധനവ് നടത്തിയത് ഉചിതമല്ലെന്നും എംഎല്‍എ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. അനധികൃത കരാറുകള്‍, മറ്റ് ക്രമക്കേടുകള്‍ തുടങ്ങിയവ സംബന്ധിച്ച് പരാതികളുണ്ട്.‍ ഈ വിഷയത്തില്‍‍ സമഗ്രമായ ഒരു അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Comments (0)
Add Comment