ഭരണഘടനയേയും മൗലികാവകാശങ്ങളേയും ധ്വംസിക്കുന്ന സര്‍ക്കാര്‍ നടപടിക്കേറ്റ തിരിച്ചടിയാണ് കോടതിയില്‍ നിന്നും നിരന്തരമായി ഉണ്ടാകുന്ന ഉത്തരവുകള്‍: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Jaihind News Bureau
Wednesday, April 29, 2020

NK-Premachandran-MP

 

ഭരണഘടനയേയും മൗലികാവകാശങ്ങളേയും ഭരണഘടനാ സ്ഥാപനങ്ങളേയും പൗരാവകാശങ്ങളേയും ധ്വംസിക്കുന്ന സര്‍ക്കാര്‍ നടപടിക്കേറ്റ തിരിച്ചടിയാണ് കോടതിയില്‍ നിന്നും നിരന്തരമായി സര്‍ക്കാരിനെതിരെ ഉണ്ടാകുന്ന ഉത്തരവുകളെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഭരണഘടനാ സ്ഥാപനങ്ങളെയും കോടതി ഉത്തരവുകളേയും തങ്ങളുടെ അധികാര പരിധിക്കുളളില്‍ നിര്‍ത്താന്‍ കഴിയുമെന്ന അമിതവിശ്വാസമാണ് പുതിയ ഓര്‍ഡിനന്‍സ്. സംഘര്‍ഷത്തിന്‍റെ രീതിമാറ്റി സമവായത്തിന്‍റെ ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളായി കണക്കാക്കി അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, ജീവനക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ കൂടി കണക്കിലെടുക്കണം. കോവിഡിനെ ചെറുക്കാന്‍ കര്‍മ്മനിരതരായി സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കരുത്.

സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യവും അസഹിഷ്ണുതയുമാണ് സാലറി ചലഞ്ച് പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സമയവായത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കാനും അവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ട് പോവുകയുമാണ് ജനാധിപത്യ മര്യാദ. ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധം തീര്‍ക്കേണ്ട അവസരത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിച്ച് മാനസികമായ അസംതൃപ്തി ഉണ്ടാക്കുന്നതും അവരുടെ സമ്മതത്തോടു കൂടിയില്ലാത്ത നിര്‍ബന്ധിതമായി ശമ്പളം പിടിച്ചെടുക്കുന്നതും ഒരു മാതൃകാ തൊഴിലുടമയ്ക്ക് ഭൂഷണമല്ല. നല്‍കുന്ന പണം എന്താവശ്യത്തിനായി ഉപയോഗിക്കുന്നു എന്നറിയാന്‍ കേരളത്തിലെ ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍ ദുരിതാശ്വാസ ഫണ്ടിന്‍റെ വിനിയോഗം സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുളള സംശയങ്ങളും ആശങ്കകളും അകറ്റാന്‍ സര്‍ക്കാര്‍ സുതാര്യമായ നിലപാട് സ്വീകരിക്കുന്നില്ല.

ഭരണനിര്‍വ്വഹണത്തിലും ധനവിനിയോഗത്തിലും സര്‍ക്കാരിനുണ്ടായിട്ടുളള ഗുരുതരമായ വീഴ്ചയും ധനകമ്മിയും മറച്ചുവയ്ക്കാന്‍ അവകാശങ്ങള്‍ കവര്‍ന്നെടുത്തുളള നിര്‍ബന്ധിതമായ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കോടതി ഉത്തരവെങ്കിലും മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ് ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യ മനോഭാവം വെടിഞ്ഞ് ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്ത് സമവായത്തോടെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.