സാലറി ചലഞ്ച് നിർബന്ധമാക്കാന്‍ പാടില്ല; ഹെലികോപ്റ്ററിനായി കോടികള്‍ ചെലവഴിക്കാന്‍ എന്ത് അടിയന്തര സാഹചര്യമാണുള്ളത്? : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, April 1, 2020

 

തിരുവനന്തപുരം : സാലറി ചലഞ്ച് നിർബന്ധമാക്കാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചർച്ച ചെയ്യണം. സാലറി ചാലഞ്ചിന് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുൻപും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ഒരുപാട് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൌണ്ടില്‍ സൂക്ഷിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാര്‍ ചെവിക്കൊണ്ടില്ല. ഇതിന്‍റെ അനന്തരഫലങ്ങളും പിന്നീട് കാണാന്‍ കഴിഞ്ഞു. അർഹതപ്പെട്ട പലയാളുകള്‍ക്കും സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഫണ്ടില്‍ നിന്ന് തുക വെട്ടിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ഇതെല്ലാം പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെയും, പോലീസ് സേനയെയും അഗ്നിശമന സേനാ വിഭാഗത്തിലെയും റവന്യൂ വകുപ്പിലെ ചില വിഭാഗങ്ങളെയും സാലറി ചാലഞ്ചിൽ നിന്ന് ഒഴിവാക്കണം. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനാവാത്ത അവസ്ഥയുണ്ടാക്കിയത് സർക്കാരിന്‍റെ ധൂർത്തും അഴിമതിയും കാരണമാണ്. പൊലീസിന്‍റെ ക്യാമറകൾക്ക് വേണ്ടി അനുവദിച്ച തുക റദ്ദാക്കണം. വാടകയ്ക്ക് ഹെലികോപ്റ്റർ എടുക്കാനും മാത്രം എന്ത് അടിയന്തര സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങളോട് മുണ്ട് മുറുക്കി ഉടുക്കാൻ പറഞ്ഞിട്ട് സർക്കാർ അനാവശ്യ ചെലവ് നടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.