അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ രംഗത്ത്

Jaihind News Bureau
Wednesday, April 29, 2020

ജീവനക്കാരുടെയുടെയും പെന്‍ഷന്‍കാരുടെയും ശമ്പളം തടഞ്ഞു കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട് സി.പി.എം ഘടകം രംഗത്ത്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവരുന്നത് ഒരു തരത്തിലും നീതികരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം തമിഴ്‌നാട് ഘടകം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും അധിക ഫണ്ട് ചോദിക്കാതെ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടെയും ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ സി.പി.എം ശക്തമായി അപലപിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ശമ്പളം ജനുവരി 2020 മുതല്‍ ജൂലൈ 2021 വരെ പിടിച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനൊപ്പം പ്രോവിഡം ഫണ്ട് പലിശയും വെട്ടിക്കുറച്ചു. ഈ നടപടിയും അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം മേല്‍പ്പറഞ്ഞ ഓര്‍ഡറുകള്‍ പിന്‍വലിക്കണമെന്നും കെ.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സാലറി ചലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ ഇതേ വിഷയത്തില്‍ പ്രതിഷേവുമായി സംസ്ഥാന ഘടകം രംഗത്തെത്തിയിരിക്കുന്നത്. ഓരോ വിഷയത്തിലുമുള്ള സി.പി.എം ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ നടപടി.