സക്കീർ ഹുസൈന് സസ്‌പെൻഷന്‍; നടപടി ആറുമാസത്തേയ്ക്ക് മാത്രം; അഴിമതിയോടുള്ള സിപിഎമ്മിന്‍റെ ഒത്തുതീര്‍പ്പ് സമീപനം വ്യക്തമെന്ന് ആക്ഷേപം

Jaihind News Bureau
Thursday, June 25, 2020

സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ സസ്‌പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. എറണാകുളത്ത് ചേർന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തത്. അതേസമയം, അഴിമതിയോടുള്ള സിപിഎമ്മിന്‍റെ ഒത്തുതീര്‍പ്പ് സമീപനമാണ് സക്കീര്‍ ഹുസൈന്‍റെ സസ്‌പെന്‍ഷനില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് ആക്ഷേപം.

നിയോഗിച്ച പാർട്ടി കമ്മിഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി ഏരിയ സെക്രട്ടറിയും വിവാദങ്ങളുടെ തോഴനുമായ സക്കീർ ഹുസൈനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട വിവാദമാണ് സക്കീറിനെ സസ്‌പെൻഡ് ചെയ്യാൻ കാരണം. സക്കീർ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പരിഗണനയിലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. സക്കീർ ഹുസൈനെിരെ നടപടിക്ക് തീരുമാനമില്ലെന്നായിരുന്നു നേരത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി അംഗത്തിന്‍റെ തന്നെ പരാതിയിൽ സക്കീർ ഹുസൈനെതിരെ പാർട്ടി കമ്മീഷൻ നടത്തിയ കണ്ടെത്തലുകളാണ് നടപടിക്ക് കാരണം. എറണാകുളത്തെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളിൽ സത്യമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

പിന്നീട് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ നടപടി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാസെക്രട്ടറിയേറ്റിന്‍റെ കത്ത് ചർച്ച ചെയ്ത ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച്ച ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയിൽ തീരുമാനം എടുത്തത്. കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് സക്കീർ ഹുസൈനെതിരായ നടപടി റിപ്പോർട്ട് ചെയ്തത്.

അതേസമയം, അഴിമതിയോടുള്ള സിപിഎമ്മിന്‍റെ ഒത്തുതീര്‍പ്പ് സമീപനമാണ് സക്കീര്‍ ഹുസൈന്‍റെ സസ്‌പെന്‍ഷനില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് ആക്ഷേപം. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌ചെയ്തതിന്‍റെ പേരില്‍ രാജസ്ഥാനിലെ സിപിഎം അംഗത്തിന് പാർട്ടി വിധിച്ചത് ഒരുവര്‍ഷം സസ്‌പെന്‍ഷന്‍ ആണ്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് പാര്‍ട്ടി കണ്ടെത്തിയ സക്കീര്‍ ഹുസൈന് വെറും ആറ് മാസത്തെ സസ്‌പെന്‍ഷനും.