മുജാഹിദ് നേതാവ് സക്കറിയ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

Jaihind Webdesk
Sunday, July 14, 2019

കണ്ണൂര്‍: മുജാഹിദ് പ്രഭാഷകനും നേതാവുമായ ഡോ. കെ.കെ. സക്കരിയ്യ സ്വലാഹി (54) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ കണ്ണൂര്‍ കൂത്തുപറമ്പിന് സമീപം മനേക്കരയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി കണ്ണൂരിലെ കടവത്തൂര്‍ ഇരഞ്ഞിന്‍കീഴില്‍ മംഗലശ്ശേരിയിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്‌വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലായിരുന്ന അദ്ദേഹം മാസങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.