സജ്ജന്‍കുമാര്‍ രാജിവെച്ചു; 31ന് മുമ്പ് കീഴടങ്ങും

Jaihind Webdesk
Tuesday, December 18, 2018

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സജ്ജന്‍ കുമാര്‍ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. 1984-ലെ സിഖ്വിരുദ്ധ കലാപക്കേസില്‍ സജ്ജന്‍കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാജി.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം കോളനിക്കടുത്ത് രാജ്നഗര്‍ പാര്‍ട്ട് ഒന്നില്‍ നടന്ന സിഖ് വിരുദ്ധ കാലപത്തിലും പാര്‍ട്ട് രണ്ടിലെ ഗുരുദ്വാര കത്തിക്കലുമായി ബന്ധപ്പെട്ട കേസിലാണ് 73-കാരനായ സജ്ജന്‍കുമാറിന് ശിക്ഷ വിധിച്ചത്. സജ്ജന്‍കുമാറും മറ്റ് അഞ്ചുപ്രതികളും ഈമാസം 31-നകം കീഴടങ്ങണമെന്നും ഡല്‍ഹി നഗരം വിട്ടുപോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2010 മുതലാണ് സജ്ജന്‍ കുമാര്‍ വിചാരണ നേരിട്ടത്. 1970-കളുടെ അവസാനം മുതല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവ സന്നിദ്ധ്യമായിരുന്നു സജ്ജന്‍കുമാര്‍. 1977-ല്‍ ഡല്‍ഹി കൗണ്‍സിലറായിട്ടായിരുന്നു പൊതുരംഗത്തെ തുടക്കം. 2004-ല്‍ പാര്‍ലമെന്റംഗമായി. സിഖ് വിരുദ്ധ കലാപക്കേസില്‍ 2010 മുതലാണ് ഇദ്ദേഹം വിചാരണ നേരിട്ടത്.