വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ സിപിഎം ഒത്താശ: കെ സുധാകരന്‍

Jaihind Webdesk
Friday, September 10, 2021

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഒത്താശ ചെയ്ത സിപിഎമ്മിന്‍റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം.വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂണിയന്‍ ചെയര്‍മാന്‍ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ്.

മുഖ്യമന്ത്രിയുടെ നാട്ടിലെ സര്‍വകാലാശാലയില്‍ ഹൈന്ദവ അജണ്ട ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാന്‍ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ഉത്തരവാദിത്വം സര്‍വകലാശാലയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്ത്തലരെന്ന് സ്വയംവാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്റുവിനെയും തമസ്‌ക്കരിച്ച് വര്‍ഗീയവാദികളെ പ്രകീര്‍ത്തിക്കുന്ന ബിജെപി ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്ഐയും സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ ഗോള്‍വാല്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നും കണ്ണൂര്‍ സര്‍വകലാശാല പിന്നോട്ട് പോയതും വിവാദ വിഷയം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയമിക്കാന്‍ തയ്യാറായതും കെഎസ്യു,യൂത്ത്കോണ്‍ഗ്രസ് സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്. എന്നാല്‍ ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാന്‍ സാധിക്കില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമാണ്.സിലബസ് രൂപീകരണത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ പ്രത്യേക താല്‍പ്പര്യം മാത്രമാണ് പരിഗണിച്ചതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.