മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. വ്യാപകമായ ഭീഷണിയെ തുടർന്ന് പ്രഗ്യയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഭോപ്പാലിൽനിന്ന് ബിജെപി സീറ്റിൽ അവർ ലോക്സഭയിലേക്കും മത്സരിക്കുന്നുണ്ട്. ചൊവ്വാഴ്ച പ്രഗ്യാ സിംഗ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ ചിലർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ബാബറി മസ്ജിദ് തകർക്കുന്നതിനു പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന പ്രസ്താവിച്ച പ്രഗ്യാ സിംഗിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കാർക്കരെയെ അപമാനിച്ചുകൊണ്ട് പ്രഗ്യാ സിംഗ് നടത്തിയ പ്രസ്താവന ഏറെ വിവാദമുയർത്തിയിരുന്നു.
കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രഗ്യ ഭോപാലിൽ ബിജെപി സ്ഥാനാർഥിയാണ്. 2008 സെപ്റ്റംബർ 29 ന് നാസിക് ജില്ലയിലെ മാലെഗാവിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് യുഎപിഎ നിയമപ്രകാരമാണ് പ്രഗ്യ വിചാരണ നേരിടുന്നത്