വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങി മരിക്കണോ? ; കോടതി നിര്‍ദേശത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

Jaihind Webdesk
Thursday, May 13, 2021

ബംഗളുരു : കോടതി നിര്‍ദ്ദേശിച്ചതുപോലെ കൊവിഡ് വാക്‌സിന്‍ ഏവര്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിലുള്ളവര്‍ തൂങ്ങിമരിക്കണോ എന്ന ചോദ്യവുമായി കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ. രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന കോടതി പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

‘ രാജ്യത്ത് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണമെന്ന് നല്ല ഉദ്ദേശത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര വാക്‌സിന്‍ നല്‍കണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്‌സിന്‍ ഉല്പാദിപ്പിക്കാൻ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?” – സദാനന്ദ ഗൗഡ ചോദിച്ചു.

വാക്‌സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയാറായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.