‘സഭയിലെ പോരാട്ടം’ : രമേശ് ചെന്നിത്തല കേരള നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗങ്ങളുടെ സമാഹാരം; പ്രകാശനം ഇന്ന്

Jaihind News Bureau
Tuesday, September 15, 2020

സംസ്ഥാനത്ത് ഭരണപക്ഷവുമായുള്ള പ്രതിപക്ഷത്തിന്‍റെ യുദ്ധം ക്ളൈമാക്സിലേക്ക് കടക്കുന്നതിനിടയിൽ ആദ്യ പകുതിയിൽ നിയമസഭയിലെ പോരാട്ടത്തിന്‍റെ ചിത്രം പുസ്തകമായി പുറത്തിറങ്ങുന്നു. ‘സഭയിലെ പോരാട്ടം’ എന്ന സമാഹാരം ഇന്ന് പ്രകാശനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗങ്ങളാണ് ‘സഭയിലെ പോരാട്ടം’ എന്ന പേരില്‍ സമാഹരിച്ച് ഒലീവ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. പതിനാലാം കേരള നിയമസഭുടെ ഒന്നു മുതല്‍ പത്തു വരെയുള്ള സമ്മേളനങ്ങളില്‍, അതായത് 2016 ജൂണ്‍ 28 മുതല്‍ 2018 ഏപ്രില്‍ 4 വരെയുള്ള കാലഘട്ടത്തില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെടുമ്പോള്‍ സഭയില്‍ നിന്ന് വാക്കൗട്ട് പ്രഖ്യാപിച്ചു നടത്തിയ പ്രസംഗങ്ങളാണ് സമാഹാരത്തിലുള്ളത്. ആകെ 84 പ്രസംഗങ്ങള്‍.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് വീണ്ടും അണപൊട്ടിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, വിവാദങ്ങളില്‍ കുടുങ്ങി മൂന്ന് ഘട്ടങ്ങളിലായുള്ള മൂന്ന് മന്ത്രിമാരുടെ രാജി, പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്ത് രൂക്ഷമായ ഐ.എ.എസ്, ഐപി.എസ് ഉദ്യോഗസ്ഥന്മാരുടെ ചേരിപ്പോര്, നടുറോഡില്‍ ഓടുന്ന കാറില്‍ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടതുള്‍പ്പടെയുള്ള സ്ത്രീപീഢനങ്ങള്‍, ബ്രൂവറി ഡിസ്റ്റിലറി ഉള്‍പ്പടെയുള്ള അഴിമതികള്‍, വിശന്നപ്പോള്‍ കുറച്ച് അരി എടുത്ത കുറ്റത്തിന്  അട്ടപ്പാടിയില്‍ ജനക്കൂട്ടം മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തുടങ്ങി വയനാട്ടില്‍ സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ നടന്ന മിച്ചഭൂമി കച്ചവടം വരെയുള്ള ചൂടേറിയ വിഷയങ്ങള്‍ നിയമസഭയെ ഇളക്കി മറിച്ചതിന്റെ നേര്‍ചിത്രമാണ് പുസ്തകം. വാക്കൗട്ട് ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് രമേശ് ചെന്നിത്തലയുടെ മിക്ക വാക്കൗട്ട് പ്രസംഗങ്ങളും അരങ്ങേറിയിട്ടുള്ളത്. പലപ്പോഴും മുഖ്യമന്ത്രിയുമായി നേരിട്ട് വാക്കുകള്‍ കൊണ്ടു കോര്‍ത്തു. തിളച്ചു മറിയുന്ന ആ അന്തരീക്ഷത്തിന്‍റെ ചൂടം ചൂരും ചോരാത്ത തരത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

നിയമസഭയിലെ നേതാക്കളുടെ പ്രസംഗങ്ങള്‍ മുമ്പും സമാഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാക്കൗട്ട് പ്രസംഗങ്ങള്‍ മാത്രമായി സമാഹരിക്കപ്പെടുന്നത് ആദ്യമാണ്. വൈകിട്ട് 4 ന് പുസ്തകത്തിന്‍റെ പ്രകാശനം തിരുവനന്തപുരത്തും കോഴിക്കോട്ടുമായി ഓണ്‍ലൈനില്‍  നടക്കും.  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി.ദിവാകരന്‍ എം.എല്‍.എയക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിക്കും. ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യ അതിധിയായിരിക്കും

teevandi enkile ennodu para