പാർട്ടി ഓഫീസിൽ സർക്കാർ ജീവനക്കാരുടെ യോഗം വിളിച്ചു ചേർത്തത് ചട്ടവിരുദ്ധം;ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രിയോട് കെ.എസ് ശബരീനാഥൻ

Jaihind News Bureau
Friday, July 24, 2020

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള സർക്കാർ ജീവനക്കാരുടെ യോഗം എകെജി സെന്‍ററിൽ വിളിച്ചു ചേർത്ത നടപടി ചട്ടവിരുദ്ധമെന്ന് കെ.എസ് ശബരീനാഥൻ എംഎൽഎ. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിൽ സർക്കാർ ജീവനക്കാർ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് സഭയിലെ തന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുള്ളതാണ്. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ചട്ടം 67 പ്രകാരം യോഗത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം :

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള സർക്കാർ ജീവനക്കാരുടെ യോഗം പാർട്ടി ഓഫീസിൽ ഇന്നലെ വിളിച്ചുചേർത്തത് ചട്ടവിരുദ്ധമാണ്. “പാർട്ടി ഓഫീസിൽ ഗവണ്മെന്റ് ജീവനക്കാരുടെ യോഗം” എന്ന വിഷയത്തിൽ നിയമസഭയിൽ ഞാൻ 2017 ഫെബ്രുവരിയിൽ ചോദിച്ച ചോദ്യത്തിന് ബഹു:മുഖ്യമന്ത്രി നൽകിയ മറുപടി ഇതാണ് “1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 67 പ്രകാരം ഏതൊരു സർക്കാർ ജീവനക്കാരനും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ അല്ലെങ്കിൽ രാഷ്ട്രീയത്തിൽ പങ്കെടുക്കുന്ന ഏതെങ്കിലും സംഘടനയിലോ ഒരംഗം ആകുവാനോ മറ്റൊരു രീതിയിൽ അവരുമായി സഹകരിക്കുവാൻ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവർത്തനത്തിലോ പങ്കെടുക്കാവാനോ പാടില്ല എന്ന്‌ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഫയൽ നീക്കത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തലത്തിൽ യോഗങ്ങൾ നടത്തി വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ വകുപ്പു സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്”
ഈ ചട്ടം നിലനിൽക്കെയാണ് എകെജി സെൻററിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാർട്ടി സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തത്. കൃത്യമായ ചട്ടലംഘനമാണിവിടെ നടന്നിരിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ചട്ടം 67 പ്രകാരം യോഗത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോ?