യുവതി പ്രവേശം അവധാനതയോടെ കൈകാര്യം ചെയ്യണം: കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Friday, November 15, 2019

യുവതി പ്രവേശം ഒഴിവാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ശബരിമല സംഘര്‍ഷഭൂമി ആകുമായിരുന്നില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

സര്‍ക്കാരിന്റെ എടുത്തചാട്ടമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീണ്ടും ഇത്തരം അബദ്ധജടിലമായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കുന്നതാണ് ഉചിതം. വീണ്ടും ശബരിമലയെ കലാപഭരിതമാക്കാനുള്ള നപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധനത്തേയും നടവരവിനേയും കാര്യമായി ബാധിക്കും. ഈ മണ്ഡലക്കാലം പ്രശ്‌നരഹിതമായി നടത്തി കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കഴിഞ്ഞ തവണത്തെ തെറ്റ് സി.പി.എം ഏറ്റുപറഞ്ഞെങ്കിലും സര്‍ക്കാര്‍ നിലപാട് കോടതിവിധി നടപ്പിലാക്കുകയെന്ന സമീപനമായിരുന്നു. അതിന് മാറ്റം വേണം.

യുവതി പ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടതിലൂടെ നേരത്തെ നിലനിന്നിരുന്ന വിധിയില്‍ അവ്യക്തയും ആശയക്കുഴപ്പവും ഉണ്ടെന്നതിന് തെളിവാണ്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ക്ക് മുറിവേല്‍ക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാതിരിക്കുന്നതാണ് നല്ലത്. വിശ്വാസികളെ വ്രണപ്പെടുത്തിയതിന്റെ ഫലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാവണം ഈ മണ്ഡലക്കാലത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.