ശബരിമലയില്‍ സിപിഎമ്മിന് അടിതെറ്റുന്നു ; വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന പാർട്ടി തീരുമാനം പാളി

Jaihind Webdesk
Tuesday, February 9, 2021

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സിപിഎമ്മിന് അടിതെറ്റുന്നു. വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന പാർട്ടി തീരുമാനം പാളി. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമോ എന്ന യുഡിഎഫിന്‍റെ ചോദ്യത്തിന് സിപിഎം മറുപടി നൽകിയിരുന്നില്ല. യുവതീപ്രവേശനം തടയാൻ നിയമം നിർമ്മിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പക്ഷേ വിഷയത്തിൽ അധിക നാൾ ഒളിച്ചുകളിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല.

യുഡിഎഫിന്‍റെ  ചോദ്യങ്ങള്‍ കേരള ജനത ഏറ്റെടുത്തതോടെ മറുപടി പറയാൻ സിപിഎം നിർബന്ധിതമായി. അതാകട്ടെ പാർട്ടിക്ക് തിരിച്ചടിയായി. വിഷയത്തിൽ നേതാക്കൾ ഭിന്നനിലപാടാണ് സ്വീകരിച്ചത്. വൈരുദ്ധ്യാത്മക ദൗതികവാദം പ്രായോഗികമല്ല എന്ന വാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദൻ പറഞ്ഞത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സംഘപരിവാറിന്‍റെ ഭാഷയിൽ സംസാരിച്ചതു കണ്ട് നേതൃത്വവും അണികളും ഒരു പോലെ ഞെട്ടി.

തൊട്ടുപിന്നാലെ  ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് പി.ബി.അംഗമായ എം.എ ബേബി പ്രസ്താവിച്ചു. നവോത്ഥാനത്തെ പടിക്ക് പുറത്ത് നിർത്തിയോ എന്ന ചോദ്യമാണ് ഉയർന്നത്. കോടികൾ ചെലവഴിച്ച വനിത മതിൽ എന്തിനായിരുന്നു എന്ന ചോദ്യവും വീണ്ടും ഉയർന്നു. സി.പി.എം നേതൃത്വം ഇടപെട്ടതോടെ പറഞ്ഞത് വിഴുങ്ങി ബേബി ഉടൻ രംഗത്ത് വന്നു. പിണറായി വിജയന്‍റെ അനിഷ്ടത്തെ തുടർന്നാണ് ബേബിയുടെ പെട്ടെന്ന് ഉള്ള തിരുത്തൽ. ഏതായാലും ശബരിമല വിഷയത്തിൽ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാട് സിപിഎമ്മിനെ തിരിഞ്ഞു കൊത്തുകയാണ്.