ശബരിമല: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി 13ന് പരിഗണിക്കും

Jaihind Webdesk
Wednesday, November 7, 2018

ചിത്തിര ആട്ടവിശേഷത്തിന് ശേഷം മണ്ഡലകാല പൂജകൾക്ക് ശബരിമല നടതുറക്കാനിരിക്കേ യുവതീപ്രവേശവിധിക്കെതിരേ 42 പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തിയിട്ടുള്ളത്. ഇവയ്ക്കുപുറമേ മൂന്ന് റിട്ട് ഹർജികൾകൂടി നവംബർ 13-ന് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ അന്തിമ വിധി വിഷയത്തിൽ നിർണ്ണായകമാവും.

ശബരിമലയിലെ പ്രത്യേക സാഹചര്യത്തിൽ ആചാരങ്ങൾ പാലിക്കപ്പെടണമെന്ന വാദമുഖങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് പുനഃപരിശോധനാ ഹർജികളിലൂടെ ശ്രമം നടക്കുന്നത്. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള ഹർജികൾ നവംബർ പതിമൂന്നിന് തന്നെ പരിഗണിക്കുന്ന സുപ്രീം കോടതിയിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്. വിഷയത്തിൽ സർക്കാരോ ദേവസ്വം ബോർഡോ ഇതുവരെ പുന:പരിശോധനാ ഹർജി നൽകിയിട്ടില്ലെന്ന പ്രത്യേകതയും വിഷയത്തിലുണ്ട്. കേസിൽ വിധിപറഞ്ഞ ബെഞ്ചിലെ ജഡ്ജിമാർ ചേംബറിലാണ് പുനഃപരിശോധനാ ഹർജികൾ ആദ്യം പരിശോധിക്കുക. തുറന്ന കോടതിയിൽ കേൾക്കാൻ യോഗ്യതയുണ്ടെന്ന് ബെഞ്ചിൽ ഭൂരിപക്ഷാഭിപ്രായം വന്നാൽ അങ്ങനെ ചെയ്യും. തുറന്ന കോടതിയിൽ വാദംകേട്ടാൽ കക്ഷികൾക്ക് അവരുടെ വാദമുഖങ്ങൾ സമർഥിക്കാൻ കൂടുതൽ അവസരം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

പുനഃപരിശോധനാഹർജി നൽകാത്ത സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും പുതിയ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കാൻ തുറന്ന കോടതിയിലാണെങ്കിൽ അവസരമുണ്ടാകും. നേരത്തേ അഞ്ചംഗ ബെഞ്ചിലെ നാലു ജഡ്ജിമാരാണ് സ്ത്രീപ്രവേശത്തെ അനുകൂലിച്ചത്. അതിലെ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരമെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് അഭിപ്രായം വ്യത്യസ്തമാണെങ്കിൽപ്പോലും ഭൂരിപക്ഷത്തിൽ പഴയ വിധി നിലനിൽക്കും. നേരത്തേ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയ്ക്ക് പുറമേ രണ്ടുജഡ്ജിമാർ കൂടി യുവതീപ്രവേശത്തെ എതിർത്താൽ വിധിയിൽ മാറ്റമുണ്ടാകും.

സുപ്രീംകോടതി വിധിപറഞ്ഞ കേസിൽ സാധാരണമായി പുനഃപരിശോധനാ ഹർജികളാണ് നൽകേണ്ടത് എന്നിരിക്കെ റിട്ട് ഹർജികളെ ബെഞ്ച് എങ്ങനെ കാണുമെന്നും വ്യക്തമല്ല. ഹർജികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ അഞ്ചംഗ ബെഞ്ചിനുതന്നെ വിടാനുള്ള സാധ്യതയും തള്ളാനാവില്ല. ഇതേവിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ അന്നുതന്നെ പരിശോധിക്കാനിരിക്കെ റിട്ട് ഹർജികളിൽ കോടതിക്ക് എങ്ങനെ തീരുമാനമെടുക്കാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.