കൊച്ചി: ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയിൽ. എ.ഡി.ജി.പി നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകും. തീർഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമം ഇതുവരെയായട്ടില്ല.
12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതിയുടെ നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതം തടസപ്പെട്ട നിലയിലാണ്.
പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ഇതെല്ലാം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്സിൽ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയിൽ പോയ അഭിഭാഷകൻ കോടതിയെ അറിയിച്ചു.