ശബരിമല : മുഖ്യമന്ത്രി വിശ്വാസികളോട് പരസ്യമായി മാപ്പ് പറയണമെന്ന് കെ.സി വേണുഗോപാല്‍ എം.പി | Video

Jaihind News Bureau
Friday, February 5, 2021

 

മലപ്പുറം : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് അവസരവാദപരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയാന്‍ തയാറാകണമെന്നും അദ്ദേഹം ‍ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തണമെന്നതാണ് യു.ഡി.എഫ് നിലപാട്. ആദ്യം മുതൽ തന്നെ യു.ഡി.എഫി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്.  എന്നാൽ ഇക്കാര്യത്തില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കള്ളക്കളി കളിക്കുകയാണ് ചെയ്തത്. ശബരിമലയെ കളങ്കപ്പെടുത്താനായി പ്രവർത്തിച്ചവർക്ക് ഒത്താശ ചെയ്യുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കിൽ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് ബില്ല് കൊണ്ടുവരാൻ തയാറാവണം. ചർച്ചയ്ക്ക് തയാറാണെന്ന ഇപ്പോഴത്തെ മലക്കം മറിച്ചിൽ വോട്ട് തട്ടാന്‍ വേണ്ടി മാത്രമാണ്. പൊലീസിനെ ഉപയോഗിച്ച് അവിശ്വാസികളെ ശബരിമലയില്‍ എത്തിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിന് നേതൃത്വം നല്‍കിയ പാർട്ടിയുടെയും സർക്കാരിന്‍റെയും തലവന്‍ എന്ന നിലയില്‍ പരസ്യമായി മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയെയും ആവേശത്തെയും കെടുത്താന്‍ ഒരു ശക്തിക്കുമാവില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഐക്യജനാധിപത്യമുന്നണിയുടെ വിജയം പതിന്മടങ്ങ് ശക്തിപ്പെടുത്താൻ ഐശ്വര്യ കേരളയാത്രയ്ക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവസരവാദിത്വത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മലപ്പുറം ജില്ലയിലെ ഐശ്വര്യ കേരള യാത്രയുടെ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.