മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ 36ഓളം സ്ത്രീകളാണ് ശബരിമല പ്രവേശനത്തിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തൽക്കാലം ഇത്തവണ ശബരിമലയിൽ വേണ്ടെന്നാണ് തീരുമാനം.
എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും. ഇതിനകം മുപ്പതിലേറെ യുവതികളാണ് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണിൽ ശബരിമലയിലെ പൊലീസ് സുരക്ഷ. ഇത്തവണ ഐജിമാർ ക്യാംപ് ചെയ്ത് സുരക്ഷയൊരുക്കാനില്ല. പമ്ബയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിൽ.
വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ തവണ യുവതികളെത്തിയാൽ തടയാൻ ഹിന്ദു സംഘടനകൾ വിവിധ ജില്ലകളിൽ നിന്നും പ്രവർത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.