ശബരിമയില്‍ പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതി; തീര്‍ത്ഥാടകരുടെ പരാതി പഠിക്കാന്‍ അഭിഭാഷകസംഘത്തെ നിയോഗിച്ചേക്കും


ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീര്‍ത്ഥാടകരുടെ പരാതി പഠിക്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയില്‍. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്‌സ് , വിശ്രമ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങള്‍, ഭക്തര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും. സംഘത്തെ അയക്കുന്നതില്‍ അന്തിമ തീരുമാനം ഉച്ചയ്ക്ക് 12.30 ന് എടുക്കും.എലവുങ്കലില്‍ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതല്‍ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്‌സില്‍ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയില്‍ പോയ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തിരക്ക് അനിയന്ത്രിതമായതോടെ വിഷയത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ശബരിമലയില്‍ ദര്‍ശന സമയം ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിലവില്‍ വെര്‍ച്ച്വല്‍ ക്യൂ വഴിയുള്ള ഭക്തരുടെ എണ്ണം പ്രതിദിനം എണ്‍പതിനായിരം ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ നടപടി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍,ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നത്.

 

Comments (0)
Add Comment