പമ്പയിലും ശബരിമല പാതകളിലും ആചാരങ്ങൾക്കൊപ്പം അനാചാരങ്ങളും വർദ്ധിക്കുന്നു. ഓരോ തീർത്ഥാടന കാലത്തും പുതിയ പുതിയ ചില അനാചാരങ്ങളാണ് കണ്ടു വരുന്നത്.
പമ്പയിൽ നിന്നും ശബരിമല കയറുമ്പോൾ മരക്കൂട്ടം മുതൽ സന്നിധാനം വരയുള്ള പാതയോരത്ത് എണ്ണിയാൽ തീരാത്തത്ര സ്ഥലങ്ങളിൽ ഒന്നിന് മുകളിൽ ഒന്നായി ചെറുകല്ലുകൾ അടുക്കിയിരിക്കുന്നത് കാണാം. കഴിഞ്ഞ കുറെ തീർത്ഥാടന കാലങ്ങളിലായി ആരോ തുടങ്ങി വെച്ച ഒരു ആചാരമാണ്. പിൻതുടർന്നെത്തിയ തീർത്ഥാടകരിൽ പലരും ഇത് പിൻതുടർന്ന് ഈ ദുരാചാരത്തിന്‍റെ വ്യാപ്തി കുട്ടിയിരിക്കുന്നു. ഇപ്പോൾ തുടങ്ങിയിരിക്കുന്ന മറ്റൊരു ദുരാചാരമാണ് പാതയോരങ്ങളിലെ മരച്ചില്ലകളിൽ തൊട്ടിൽ കെട്ടി അതിൽ കല്ലുകൾ ഇടുക എന്നത്. ഇതും പലരും ആചാരമെന്ന് തെറ്റിദ്ധരിച്ച് പിൻതുടരുകയാണ്.
ശബരിമലയിലെ ആചാരങ്ങളുമായി പുലബന്ധം പോലുമില്ലാത്തതാണ് ഈ രണ്ട് ദുരാചാരങ്ങളും. എല്ലാം അയ്യപ്പൻ കാണുന്നുണ്ട് എന്ന ബോർഡിൽ ഒതുക്കാതെ. ഈ ദുരാചാരങ്ങളിൽ അയ്യപ്പൻമാർ പെടാതിരിക്കുവാനായി ബോധവൽക്കരിക്കുവാനുള്ള ബോർഡുകൾ കൂടി സ്ഥാപിക്കുകയാണ് വേണ്ടത്. പമ്പാ സ്‌നാനം കഴിഞ്ഞ് കാലങ്ങളായി പുണ്യ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ഇപ്പോഴും തുടരുമ്പോൾ . ശബരിമലയിലെ ആചാരങ്ങളിൽ തീർത്ഥാടകർക്ക് കൃത്യമായ ബോധവൽക്കരണം നൽകുവാൻ കഴിഞ്ഞാൽ പാതയോരങ്ങളിലെ ഇത്തരം വിചിത്രമായ ദുരാചാരങ്ങൾക്ക് അറുതി വരുത്തുവാൻ കഴിയും.
https://youtu.be/wZx_Agqb5c0