മണ്ഡലകാല പൂജകൾക്കായി നാളെ ശബരിമല നട തുറക്കും

Jaihind News Bureau
Saturday, November 14, 2020

മണ്ഡലകാല പൂജകൾക്കായി നാളെ ശബരിമല നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേൽശാന്തി എം.എൻ. രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാർമ്മികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്. പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.