ശബരിമല അവലോകന യോഗം പാളി: മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരെത്തിയില്ല

മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത അവലോകന യോഗം പാളി. തീർഥാടർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗമാണ് വിളിച്ചുചേർത്തത്. കർണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരെയും ദേവസ്വം വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരുമെത്തിയില്ല. ഇവർക്ക് പകരം എല്ലാ സംസ്ഥാനങ്ങളും ഉദ്യോഗസ്ഥരെ അയച്ചതോടെയാണ് യോഗം പാളിയത്.

രാവിലെ പത്തരയോടെ ആരംഭിച്ച യോഗത്തിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ മാത്രമെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ നിന്നും വിട്ടു നിന്നു. ഇതോടെ തീർഥാടക ഒരുക്കങ്ങൾ സംബന്ധിച്ചുള്ള അവലോകനം ഉദ്യോഗസ്ഥ തലത്തിൽ മാത്രമായി ഒതുങ്ങി. ശബരിമലയിൽ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ഒരുക്കങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ അവലോകന യോഗം വിളിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും വിട്ട് നിന്നതോടെ സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാനത്തെ ഇടതു സർക്കാർ സ്വീകരിച്ച നടപടികളോടുള്ള പ്രതിഷേധമായാണ് ഇത് ഒറ്റ നോട്ടത്തിൽ വിലയിരുത്തുന്നത്.

സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിന് പുറത്തുള്ള വിശ്വാസികൾക്കൊപ്പമാണ് അതത് സർക്കാരുകൾ നിലയുറപ്പിച്ചിട്ടുള്ളതെന്ന സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുത്. ഇതോടെ അടുത്ത മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള തീർഥാടക പ്രവാഹത്തിൽ വൻകുറവാകും രേഖപ്പെടുത്തുക. ശബരിമല പൂങ്കാവനത്തെ പ്രതിഷേധഭൂമിയാക്കി മാറ്റി സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ-ബി.ജെ.പി
ശ്രമങ്ങൾക്കെതിരെയും വിശ്വാസികൾക്ക് അമർഷമുണ്ട്. ശബരിമല വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് സംസ്ഥാനത്ത് ബി.ജെ.പിക്കും ആർ.എസ്.എസിനും മുന്നേറ്റം നടത്താനുള്ള നീക്കമായിരുന്നു ബി.ജെ.പി നടത്തിയിരുന്നത്.

sabarimala meeting
Comments (0)
Add Comment