പിഎന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മുരളി പിജി മാളികപ്പുറം മേല്‍ശാന്തി


ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി പുത്തില്ലത്ത് മന പി.എന്‍. മഹേഷിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ മഹേഷ് നിലവില്‍ തൃശൂര്‍ പാറമേക്കാവ് സഹമേല്‍ശാന്തിയാണ്. പൂങ്ങാട്ട് മന പി.ജി മുരളിയാണ് മാളികപ്പുറം നിയുക്ത മേല്‍ശാന്തി . രാവിലെ നടന്ന ഉഷപൂജയ്ക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തിയത്. അയ്യപ്പന്റെയും പാറമേക്കാവിലമ്മയുടെ അനുഗ്രഹമാണ് പുതിയ നിയോഗമെന്ന് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ് പി.എന്‍ മഹേഷ് പ്രതികരിച്ചു.

ശബരിമലയിലേക്ക് പതിനേഴും, മാളികപ്പുറത്തേക്ക് പന്ത്രണ്ടുപേരുമാണ് മേല്‍ശാന്തി നറുക്കെടുപ്പിലെ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹും നിരുപമ ജി.വര്‍മയുമാണ് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നിരുന്നു. ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്നുമുതല്‍ ഇരുപത്തിരണ്ടു വരെ വിശേഷാല്‍ പൂജകള്‍ നടക്കും. ഇരുപത്തിരണ്ടിന് രാത്രി പത്തിന് ക്ഷേത്ര നട അടയ്ക്കും.

 

Comments (0)
Add Comment