ശബരിമലയിൽ യുവതീ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയിൽ പുതിയതായി ഒന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇത് ശബരിമല വിഷയം പരിഹരിക്കാൻ വീണുകിട്ടിയ അവസരമായി ഉപയോഗിക്കാതെ മുൻ നിലപാടിൽ തന്നെ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്. പുനഃപരിശോധനാ ഹർജി അഞ്ച് മിനിറ്റിനുള്ളിൽ തള്ളുമെന്നാണ് മുഖ്യമന്ത്രി പറഞത്. എന്നാൽ ഇതിന് വിപരീതമായി പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. എന്നാൽ തുറന്ന മനസോടെ വിഷയത്തെ സമീപിക്കുന്നതിന് പകരം സങ്കുചിത നിലപാടുമായി മുന്നോട്ട് പോകുകയാണ് സംസഥാന സർക്കാർ. മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാകുന്നത് ഇതാണ്.
മണ്ഡലപൂജകൾക്കായി ഇനി നാല് ദിവസം കുടിയേ ബാക്കിയുള്ളൂ. മണ്ഡല-മകരവിളക്ക് കാലയളവിൽ ദർശനത്തിനായി യുവതികൾ എത്തിയാൽ സംഘർഷം ആവർത്തിക്കും. 63 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് കാലയളവിൽ ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിശ്വാസികളുടെ വികാരം സർക്കാർ കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച വിഷയം ചർച്ച ചെയ്യുന്നതിന് പകരം പിടിവാശിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. കടും പിടിത്തം ഉപേക്ഷിച്ച് സമവായ പാതയിലേക്ക് കടക്കാൻ ഒരു പരിധി വരെ സർക്കാരിന് കഴിയുമെങ്കിലും വിഷയം രാഷ്ട്രീയ നേട്ടത്തിനായി ശ്രമിക്കുകയാണ് ഇടതു മുന്നണി സർക്കാർ.