‘ശബരിമലയുടെ നിയന്ത്രണം സാമൂഹികവിരുദ്ധരുടെ കയ്യില്‍ ഏല്‍പിച്ചതാര്?’ : സര്‍ക്കാരിനോട് പ്രതിപക്ഷം

ശബരിമലയിൽ ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘപരിവാർ സംഘടനയ്ക്ക് നൽകിയ അന്നദാനത്തിന്‍റെ ചുമതല പിൻവലിക്കാൻ ദേവസ്വം മന്ത്രി തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിൽ അന്നദാനം നടത്താൻ ദേവസ്വം ബോർഡ് സംഘപരിവാർ സംഘടനകളുടെ സഹായം തേടുകയാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സാമൂഹിക വിരുദ്ധന്മാരുടെ കയ്യിൽ ആരാണ് ശബരിമലയുടെ നിയന്ത്രണം ഏല്‍പിച്ചതെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിന് യാഥാർഥ്യബോധമുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം ശബരിമലയിലെ അന്നദാനം ദേവസ്വം ബോർഡിന്‍റെ നിയന്ത്രത്തിലാണെന്ന് മന്ത്രിസഭയെ അറിയിച്ചു. കുടാതെ ശബരിമല തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനാണെന്നും തന്ത്രിക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി ഒരു രാഷ്ട്രീയ നേതാവിനോട് ഉപദേശം തേടിയതിൽ ദേവസ്വം കമ്മീഷണർ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. പൂജാദി കാര്യങ്ങളിൽ അല്ലതെ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സാവകാശ ഹർജിയിൽ സുപ്രീം കോടതി തീരുമാനം എന്തായാലും അത് സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി സഭയിൽ വ്യകതമാക്കി.

SabarimalaRamesh Chennithala
Comments (0)
Add Comment