ശബരിമല സന്നിധാനത്ത് അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ ലഭ്യമാക്കാനായി ഒരു ഗോശാല തന്നെയുണ്ട്. ഇവിടെനിന്ന് സംഭരിക്കുന്ന പാൽ ഉപയോഗിച്ചാണ് ദിവസവും രാവിലെ അയ്യപ്പന് അഭിഷേകം നടത്തുന്നത്.
പുലർച്ചെ രണ്ടുമണിയോടെ സന്നിധാനത്തെ ഗോശാലയും ജീവനക്കാരും ഉണരും. പശുക്കളിൽനിന്ന് കറന്നെടുത്ത പാൽ മൂന്ന് മണിയോട് കൂടി ശ്രീകോവിലിൽ എത്തിക്കും, അയ്യപ്പന് അഭിഷേകം ചെയ്യാൻ. ഭസ്മക്കുളത്തിന് സമീപമാണിത് സ്ഥിതിചെയ്യുന്ന ഗോശാലയിൽ പശുക്കിടാവ് ഉൾപ്പടെ ഇരുപത്തിയഞ്ച് പശുക്കളുണ്ട്. നാല് പശുക്കൾക്കാണ് നിലവിൽ കറവയുള്ളത്. പശുക്കളെക്കൂടാതെ കോഴികളെയും ആടുകളെയും കൊണ്ട് ഈ ഗോശാല സമൃദ്ധമാണ്.
ശബരിമലയിലെ പുജാവശ്യങ്ങൾക്കായുള്ള പാൽ എത്തിക്കുന്നതും സന്നിധാനത്തെ ഈ ഗോശാലയിൽനിന്നുതന്നെയാണ്. പതിറ്റാണ്ടുകളായി ശബരീശനുവേണ്ടി സമർപ്പിക്കപ്പെട്ട ഗോശാല മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാലും സജീവമായിത്തന്നെ ഉണ്ടാകും.