ശബരിമലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രി : ഡോ. ശൂരനാട് രാജശേഖരൻ

Jaihind News Bureau
Friday, March 19, 2021

 

തിരുവനന്തപുരം : ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് യത്ഥാർത്ഥ പ്രശ്നമെന്നും ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. വിശ്വാസികളുടെ മേൽ അവിശ്വാസം അടിച്ചേൽപിക്കാൻ മുഖ്യമന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടം നടത്തിയ സർക്കാരായിരുന്നു യു.ഡി.എഫിന്‍റേത്. എന്നാൽ ഇതിന് കടക വിരുദ്ധമായി യുവതികളെ ശബരിമലയിൽ കയറ്റണം എന്ന നിലപാടാണ് വി.എസ് അച്ചുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്.

ഇരുട്ടിന്‍റെ മറവിൽ ആക്റ്റിവിസ്റ്റുകളായ യുവതികളെ പോലിസ് സംരക്ഷണയിൽ ശബരിമലയിൽ കയറ്റാൻ ചുക്കാൻ പിടിച്ചത് പിണറായി വിജയൻ ആയിരുന്നു. ആക്റ്റിവിസ്റ്റുകളെ കയറ്റിയതിനുശേഷം, എ.കെ.ജി സെന്ററിന്റെ നേതൃത്വത്തിൽ പി.ആർ. ഏജൻസികളുടെ സഹായത്തോടെ പിണറായിയെ കേരളത്തിന്റെ പുതിയ നവോത്ഥാന നായകനാക്കാൻ ശ്രമം നടന്നു. സംസ്ഥാന ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി നടത്തിയ വനിത മതിൽ വിശ്വാസികൾക്കെതിരെ ഇടതുമുന്നണിയുടെ ശക്തി പ്രകടനം ആയിരുന്നു. ശബരിമല വിഷയത്തിൽ അൽപമെങ്കിലും ആത്മാർത്ഥ ഉണ്ടങ്കിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കുകയാണ് വേണ്ടതെന്നും ഡോ. ശൂരനാട് രാജശേഖരൻ അഭിപ്രായപ്പെട്ടു.