ആര്‍എസ്എസ് ബന്ധം: എസ്.ആർ.പിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം; വിവാദം കോടിയേരി ഒരുക്കിയ കെണിയോ ?

Jaihind News Bureau
Friday, July 31, 2020

തിരുവനന്തപുരം:  ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ  വെളിപ്പെടുത്തലില്‍ വെട്ടിലായി സിപിഎം. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടില്‍ അട്ടിമറിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ എസ്.ആര്‍.പി വിഷയം സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. എന്നാല്‍ പിണറായി രാജിവെക്കേണ്ടി വന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് എസ്ആര്‍പി എത്തുന്നത് വെട്ടാന്‍ കോടിയേരി ഒരുക്കിയ കെണിയാണ് പുതിയ വെളിപ്പെടുത്തലെന്നും ആരോപണമുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം സിപിഎം ബിജെപി അവിശുദ്ധ ബന്ധത്തിലൂടെ അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണങ്ങളില്‍ നിന്ന് തടിയൂരാനായിരുന്നു കോണ്‍ഗ്രസിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രമല്ല അദ്ദേഹത്തിന്‍റെ പിതാവിനെ വരെ ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പറഞ്ഞ് കോടിയേരി അധിക്ഷേപിച്ചു. എന്നാല്‍ അതിനിടെയാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള മുന്‍പ് ആര്‍എസ്എസുകാരനായിരുന്നു എന്ന ബിജെപി മുഖപത്രത്തിലെ വെളിപപ്പെടുത്തല്‍ പുറത്തു വന്നത്. എസ്ആര്‍പി കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തിപ്പിന്‍റെ ചുമതല ഉള്ള ശിക്ഷക് ആയിരുന്നുവെന്ന് പത്രം തെളിവുനിരത്തി. പിന്നാലെ തന്റെ ആര്‍എസ്എസ് പാരമ്പര്യം സമ്മതിച്ച് എസ് ആര്‍പിയും രംഗത്തെത്തി.

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ എസ്ആര്‍പിക്കെതിരായ വെളിപ്പെടുതല്‍ പാര്‍ട്ടിയെ കൂടുതല്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് എസ്ആര്‍പിക്കെതിരെ കോടിയേരി തന്നെ ഒരുക്കിയ കെണിയാണെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ ചര്‍ച്ചചെയ്യുന്നു. പിണറായി വിജയന് മുഖ്യമന്ത്രി പദം രാജിവെക്കണ്ടിവന്നാല്‍ പകരക്കാരനായി പാര്‍ട്ടി കാണുന്നത് എസ് രാമചന്ദ്രന്‍ പിള്ളയെ ആണ്. ഇത് വെട്ടാന്‍ കൊടിയേരി തന്ത്രപൂര്‍വം ഇളക്കിവിട്ട വിവാദമാണ് ആര്‍എസ്എസ് ബന്ധം എന്നാണ് വിലയിരുത്തല്‍. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎമ്മിനെ പുതിയ വിവാദം കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.