ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ. മൂന്നാർ ഇക്കാനഗറിലെ വീട് നിർമാണത്തിന് സ്റ്റോപ്പ്‌ മെമ്മോ. റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രമില്ലാത്തതിനാൽ വീടിന്‍റെ ഒന്നാം നിലയുടെ നിർമാണമാണ് സബ് കലക്ടർ തടഞ്ഞത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ് രാജേന്ദ്രൻ.

മൂന്നാറിൽ കെ.എസ്.ഇ.ബിയുടെ സ്ഥലം കയ്യേറി ഭരണസ്വാധീനത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎ വീട് നിർമ്മിച്ചത് ഏറെ നാൾ വിവാദ വിഷയമായിരുന്നു. മൂന്നാർ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ ഈ വീട്. ഈ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നിരുന്നത്. എന്നാൽ റവന്യൂ വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് എം എൽ എയുടെ വീട് നിർമാണമെന്ന് വ്യക്തമായതോടെ സബ് കലക്ടർ സ്റ്റോപ്പ്‌ മെമ്മോ നൽകി.

എം.എൽ.എ യുടെ വീടിരിക്കുന്ന സ്ഥലം രാജൻ സക്കറിയ എന്നയാളുടെ പേരിലാണ്. എന്നാൽ രാജൻ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സബ് കലക്ടർ അറിയിച്ചു. മുമ്പ് ഒന്നാം നിലയുടെ നിർമ്മാണ സമയത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിലും അതിനെ മറി കടന്ന് നിർമ്മാണം പൂത്തിയാക്കിയിരുന്നു. അന്ന് അന്വേഷണ സംഘത്തിന് മുന്നിൽ മതിയായ പട്ടയ രേഖകൾ എം എൽ എ ഹാജരാക്കിയില്ല.

സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നിർമാണമെന്ന് കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എം.എൽ.എ.എസ്.രാജേന്ദ്രൻ വ്യക്തമാക്കി.

Comments (0)
Add Comment