ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാനാവില്ല; സിപിഎം മെമ്പർഷിപ്പ് പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എസ്. രാജേന്ദ്രന്‍



ഇടുക്കി: ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെ സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാന്‍ കഴിയില്ല. സിപിഎം നേതാക്കളെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചു. മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ മെമ്പർഷിപ്പ് പുതുക്കാൻ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാന്‍ ആഗ്രഹമില്ലെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. പാർട്ടിയിലേക്ക് വീണ്ടും തിരിച്ചുപോയാൽ സംരക്ഷണം കിട്ടുമെന്ന് എന്താണ് ഉറപ്പെന്നും എസ്. രാജേന്ദ്രൻ ചോദിച്ചു. സിപിഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

തമിഴ്നാട്ടിലെ ബിജെപിയുടെ ദേശീയ നേതാവ് തന്നെ സമീപിച്ചെന്നു രാജേന്ദ്രൻ തന്നെ പറഞ്ഞിരുന്നു.  ചർച്ചകൾക്കു കേരളത്തിൽനിന്നു നേതൃത്വം നൽകിയത് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ആയിരുന്നു. കഴിഞ്ഞ ഒരു മാസമായി രാജേന്ദ്രനുമായി ബിജെപി നേതാക്കൾ ആശയവിനിമയം നടത്തുന്നതായാണ് വിവരം. ഫോൺ വഴി തുടങ്ങിയ ചർച്ച പിന്നീട് വീട്ടിലേക്കെത്തി. ബിജെപിയുടെ തമിഴ്നാട്ടിലെ നേതാക്കളടക്കം ഒന്നിലേറെ തവണ വീട്ടിലെത്തി രാജേന്ദ്രനുമായി രഹസ്യമായി ചർച്ച നടത്തി. അതേസമയം സസ്പെൻഷൻ പിൻവലിച്ചാൽ സിപിഎമ്മിൽ തന്നെ തുടരാമെന്നായിരുന്നു രാജേന്ദ്രന്‍റെ ചിന്ത. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരില്‍ കണ്ടെങ്കിലും സസ്പെൻഷൻ പിൻവലിക്കുന്നതിൽ കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് തനിക്ക് നീതി ലഭിച്ചില്ലെന്നും മെമ്പർഷിപ്പ് പുതുക്കില്ലെന്നുമുള്ള രാജേന്ദ്രന്‍റെ പ്രതികരണം.

Comments (0)
Add Comment