‘സിപിഎം ജാതി നോക്കി സ്ഥാനാർത്ഥിയെ നിർത്തി’ ; എസ് രാജേന്ദ്രന്‍

Jaihind Webdesk
Wednesday, February 2, 2022

ഇടുക്കി :  ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍. പാര്‍ട്ടി  സ്ഥാനാര്‍ത്ഥിയെ വെച്ചത് ജാതി നോക്കിയാണെന്നും തനിക്കെതിരായ കമ്മീഷന്‍റെ  കണ്ടെത്തല്‍ ശരിയല്ലെന്നും രാജേന്ദ്രന്‍. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ സമയവും താൻ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുകയാണ്. ഇപ്പോൾ ഏഴ്, എട്ട് മാസമായി ഒന്നും ചെയ്യുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ് രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഎം സസ്പെന്‍റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാജേന്ദ്രന്‍റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നതിന് പുറമേ സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ചു. വ്യാജപ്രചാരണങ്ങൾ നടത്തി. മുഖ്യമന്ത്രി പെട്ടിമുടിയിലെത്തിയപ്പോൾ മനപ്പൂര്‍വ്വം വിട്ടുനിന്നു തുടങ്ങി ഗുരുതരമായ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങൾ രാജേന്ദ്രൻ നടത്തിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചത്.