വയസ്സ് 7; യുട്യൂബ് വരുമാനം 155 കോടി രൂപ… ഇതാണ് റയാന്‍…

Jaihind Webdesk
Wednesday, December 5, 2018

ഈ വർഷം യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് യുഎസ്സിൽ നിന്നുള്ള 7 വയസ്സുകാരൻ റയാൻ. യുട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റയാൻസ് ടോയ്‌സ് റിവ്യൂ എന്ന പരിപാടിയുടെ അവതാരകനാണ് റയാൻ. ‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിരപരിചിതനായ റയാൻ.  പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളുടെയും മറ്റു കളിക്കോപ്പുകളുടെയും ഗുണങ്ങളും ദോഷങ്ങളും വിവരിക്കുന്ന റിയാന്‍റെ യൂട്യൂബ് ചാനല്‍ ഈ വർഷം സമ്പാദിച്ചത് 22 മില്യൻ യുഎസ് ഡോളറാണ് അതായത് 155 കോടി രൂപ. 17 മില്യണ്‍ ഫോളോവേഴ്സ് ആണ് റയാനുള്ളത്.

 

ഫോർബ്സ് മാഗസിന്‍റെ പട്ടികയിലെ ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാർസ് 2018’ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍. ഹോളിവുഡ് നടൻ ജെയ്ക് പോളാണു പട്ടികയിൽ രണ്ടാം സ്ഥാനത്ത് എന്നത് തന്നെ റയാന്‍റെ വലിപ്പം വ്യക്തമാക്കുന്നതാണ്.

റിവ്യൂ വീഡിയോകളില്‍ ഒറ്റയ്ക്കും മാതാപിതാക്കള്‍ക്കൊപ്പവും തന്‍റെ ഇരട്ടസഹോദരികള്‍ക്കൊപ്പവും റയാന്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2015 മാർച്ചിലാണ് ആദ്യമായി റയാന്‍റെ ചാനലിൽ ഒരു വിഡിയോ വരുന്നത്. അതിന് പ്രചോദനമായത് കുട്ടികൾക്കുള്ള കളിപ്പാട്ടം പരിചയപ്പെടുത്തുന്ന മറ്റൊരു യൂട്യൂബിൽ ചാനൽ.

https://www.youtube.com/channel/UChGJGhZ9SOOHvBB0Y4DOO_w

അതുപോലെ ചെയ്യണമെന്ന റയാന്‍റെ മോഹമാണ് യൂട്യൂബ് ലോകത്തെ താരത്തിന് വഴിതെളിച്ചത്. തനിക്കും ഇങ്ങനെ ചെയ്യാനാകില്ലേ എന്ന റയാന്‍റെ അമ്മയോടുള്ള ചോദ്യം അമ്മയും മകനുമൊത്തുള്ള ആദ്യത്തെ വീഡിയോ പുറത്തിറക്കുന്നതില്‍ അവസാനിക്കുമെന്ന് കരുതി. എന്നാല്‍ സംഗതി വളരെ പെട്ടെന്നാണു ഹിറ്റായത്. അതോടെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അമ്മ മകനൊപ്പം കൂടി.

രസതന്ത്രം അധ്യാപികയായിരുന്ന അമ്മ പിന്നീട് റയാന്‍റെ വീഡിയോകൾ നിർമിക്കുന്നതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പല വീഡിയോകളിലും റയാനൊപ്പം അമ്മയും എത്തി. കുട്ടിത്തം വിടാത്ത ഭാഷയിൽ ഒരോ കളിപ്പാട്ടത്തിന്‍റെയും ഗുണഗണങ്ങളും പോരായ്മകളും റയാൻ വിശദീകരിക്കും. ലോകമെമ്പാടുമുള്ള കുട്ടികളും രക്ഷിതാക്കളും റയാന്‍റെ ചാനലിനെ തേടി എത്തിയതോടെ വരുമാനവും ലഭിച്ചു തുടങ്ങി.

റയാന് ചുറ്റും കളിപ്പാട്ടങ്ങളുടെ ലോകം പിന്നെ വന്നെത്തുകയായിരുന്നു. പ്രശസ്ത കളിപ്പാട്ട കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾ റയാന് അയച്ചു കൊടുത്തു. റിവ്യൂവിനായി കാത്തു.റയാന്‍റെ റിവ്യൂ അവരുടെ ഉല്‍പ്പങ്ങള്‍ക്ക് മികച്ച വിപണി നല്‍കുമെന്ന് അവരും കണ്ടെത്തി. കളിപ്പാട്ടങ്ങൾ നിർമിക്കുന്നവർ റയാന്‍റെ അഭിപ്രായവും കൂടി കേൾക്കാൻ സമയം കണ്ടെത്തി.

പ്രശസ്തിയുടെ നെറുകയിലേയ്ക്ക് ഉയര്‍ന്ന റയാന്‍റെ മുഴുവൻ പേരോ, സ്ഥലമോ മറ്റ് വിവരങ്ങളോ ഇപ്പോഴും മാതാപിതാക്കൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷയും ഒരു കാരണം തന്നെ. പിന്നെ കുഞ്ഞിന്‍റെ സ്വകാര്യതയും.