താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്നിലെ സൈനിക നടപടി തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നത്. മോസ്കോ സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50) വെടിനിര്‍ത്തല്‍ നിലവില്‍വരും. അഞ്ചര മണിക്കൂർ സമയത്തേക്കാണ് വെടിനിർത്തല്‍.
മരിയുപോള്‍, വൊള്‍നോവാഖ എന്നീ രണ്ട് നഗരങ്ങളിലാണ് വെടിനിർത്തല്‍ നിലവില്‍ വന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മനുഷ്യത്വ ഇടനാഴികള്‍ ഒരുക്കും.
മരിയുപോളും വൊള്‍നോവാഖയും റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശങ്ങളാണ്.
മരിയൂപോള്‍
യുക്രെയ്നിന്‍റെ തെക്ക്-കിഴക്ക് ഭാഗത്തായി ഏകദേശം 450,000 ജനസംഖ്യയുള്ള തുറമുഖ നഗരമാണ് മരിയുപോൾ. ഇവിടെ റഷ്യൻ സൈന്യം വളയുകയും കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു.
മരിയുപോള്‍ പിടിക്കാനായാല്‍ ഉക്രെയ്നിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നിന്‍റെ നിയന്ത്രണം റഷ്യയ്ക്ക് നൽകുകയും 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയ്ക്കും റഷ്യൻ പിന്തുണയുള്ള പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് എന്നിവയ്ക്കിടയില്‍ ഒരു ഭൂ ഇടനാഴി സൃഷ്ടിക്കുകയും ചെയ്യും.
വൊള്‍നോവാഖ
മരിയൂപോളിന്‍റെ വടക്ക് ഭാഗത്താണ് വൊള്‍നോവാഖ സ്ഥിതി ചെയ്യുന്നത്. അധിനിവേശം ആരംഭിച്ചതുമുതൽ ഇവിടെ കനത്ത ഏറ്റുമുട്ടലുകളുണ്ടായി. മാരിയൂപോളിനും റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിനും ഇടയിലുള്ള റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശവും പ്രാധാന്യമുള്ളതാണ്.
Russia declares ceasefire in Ukraine from 06:00 GMT (Greenwich Mean Time Zone) to open humanitarian corridors for civilians, reports Russia’s media outlet Sputnik
— ANI (@ANI) March 5, 2022