ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സിനേഷൻ സെന്‍ററില്‍ വൻ തിരക്ക് ; തിരക്കിനിടയിൽ രണ്ട് പേർ കുഴഞ്ഞ് വീണു

Jaihind Webdesk
Monday, April 26, 2021


തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സീനേഷൻ സെന്‍ററില്‍  വലിയ ജനത്തിരക്ക്. പ്രായമായവരടക്കം ഏറെ നേരമായി വാക്സീനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവ‍‍‍‍‌‍ർക്കും ഇത് വരെ വാക്സീൻ കിട്ടിയിട്ടില്ല.തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സിനേഷൻ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ.

പതിനൊന്ന് മണിക്ക് വാക്സീൻ എടുക്കാൻ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതൽ വന്ന് ക്യൂ നിൽക്കുകയാണ്. ക്യൂവിൽ നിൽക്കുന്ന ഭൂരിഭാ​ഗം ആളുകൾക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകൾ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം. തിക്കും തിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ഡിസിപി വൈഭവ് സക്സേന അറിയിച്ചു.