ഞങ്ങളുടെ ജീവിതം നശിപ്പിച്ചു; ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട :എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യമായി പ്രതികരിച്ച് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ.കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ പറഞ്ഞു.ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും, വിധിയില്‍ സന്തോഷമല്ല ആശ്വാസമാണെന്നും മഞ്ജുഷ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെയും,അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെയും മഞ്ജുഷ തുറന്നടിച്ചു. ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശം പാടില്ലായിരുന്നുവെന്ന് പറഞ്ഞ് ഇടപെടാമായിരുന്നുവെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നവീന്‍ ബാബു റവന്യു വകുപ്പില്‍ ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യുന്ന ആളാണ്. തന്റെ ഭര്‍ത്താവായതുകൊണ്ട് പറയുന്നതല്ല.കോന്നി തഹസില്‍ദാറായി താനിപ്പോള്‍ ഇരിക്കുന്നു.അദ്ദേഹത്തെ വിളിച്ച് ഓരോ ദിവസവും സംശയങ്ങള്‍ ദൂരീകരിക്കാറുണ്ട്.അദ്ദേഹത്തെ ഏത് മേലുദ്യോഗസ്ഥര്‍ക്കും അറിയാം.കൃത്യമായി ഫയലെല്ലാം നല്‍കുന്നയാളാണ്. പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.ഇത്തരമൊരു സംഭവം യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായതിന്റെ വിഷമം ഫോണില്‍ പറഞ്ഞിരുന്നു.ഫയലിന്റെ കാര്യം അപ്പോഴാണ് പറഞ്ഞത്. മനപൂര്‍വം വൈകിപ്പിച്ചിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ജീവനൊടുക്കിയതായിരുന്നെങ്കില്‍ ആത്മഹത്യ കുറിപ്പ് ഉണ്ടാകേണ്ടതായിരുന്നു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ വ്യക്തമാക്കി. ആദ്യമായി മഞ്ജുഷ തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരിച്ചത് നവീന്‍ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ്.

Comments (0)
Add Comment