കര്‍ണാടക വിഷയം ഇന്നും പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ദ്ധമാക്കി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു സഭയില്‍ ഇന്ന് കോണ്‍ഗ്രസ് ആഞ്ഞടിച്ചത്. ബിജെപിയുടെ വേട്ടയാടല്‍ രാഷ്ട്രീയത്തിനെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് എംപിമാരും സംശുദ്ധമായ രാഷ്ട്രീയത്തിനും ജനാധിപത്യ സംരക്ഷണത്തിനും എന്നും ശബ്ദമുയര്‍ത്തുമെന്ന് അറിയിച്ചു.
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കര്‍ണാടക വിഷയം സഭയില്‍ ഉന്നയിക്കുമ്പോഴായിരുന്നു രാഹുല്‍ സഭയിലെത്തിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിക്കാര്‍ വേട്ടയാടുകയാണെന്നും കുതിരക്കച്ചവടമാണ് ബിജെപി നടത്തുന്നതെന്നും ചൗധരി ആരോപിച്ചു. എന്നാല്‍ വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ളയുടെ നിലപാട്. ഇതോടെ ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് സ്പീക്കറുടെ കടമയെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് അംഗങ്ങൾ എത്തി.
സ്പീക്കറുടെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് ചൗധരി വീണ്ടും വിഷയം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ വിഷയം പരിഗണനയ്ക്ക് എടുത്തില്ല. ഇതോടെ ചൗധരി പ്രതിഷേധിച്ച് “സ്വേച്ഛാധിപത്യം തുലയട്ടെ, വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇതോടെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങളും മുദ്രാവാക്യം പോസ്റ്ററുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു തുടങ്ങി. എന്നാല്‍ ഇതിനെതിരെയും രംഗത്തെത്തിയ സ്പീക്കര്‍ മുദ്രാവാക്യം വിളിച്ച എംപിമാരെ ശാസിക്കുകയാണ് ചെയ്തത്.
രാജ്യസഭയും ഇന്ന് കര്‍ണാടക വിഷയത്തില്‍ പ്രക്ഷുബ്ധമായി.